മലയാളത്തിന്റെ കഥാകൃത്ത് ടി. പത്മനാഭന് 91 തികയുന്ന പിറന്നാൾ വൃശ്ചിക മാസത്തിലെ ഭരണി നക്ഷത്രത്തിലാണ് . അദ്ദേഹം ആഘോഷങ്ങൾക്കു വഴങ്ങാത്ത പത്മനാഭൻ കഴിഞ്ഞ രണ്ടു മൂന്നു തവണകളിൽ സ്വാമി കൃഷ്ണാനന്ദ ഭാരതിയുടെ സ്നേഹത്തിന്ന് വഴങ്ങി പിറന്നാൾ ചടങ്ങിൽ സംബന്ധിച്ചിരുന്നു. കൊറോണ വൈറസ് ലോകമാകെ വ്യാപിച്ചതോടെ പത്മനാഭനും പള്ളിക്കുന്നിലെ വീട്ടിൽ ഒതുങ്ങിക്കൂടുകയാണ് കുശലാന്വേഷണങ്ങൾക്ക് ഇടയ്ക്കിടെ ഫോൺ ചെയ്യുമായിരുന്നു പിറന്നാളിനെപ്പറ്റി സൂചിപ്പിച്ചപ്പോൾ ഉത്തരം മൗനത്തിലൊതുക്കി.
മേഘങ്ങൾ നിറക്കൂട്ടുകളണിഞ്ഞ് കൂടണയാൻ പോകുന്നതിനെപ്പറ്റി പത്മനാഭൻ എഴുതിയിട്ടുണ്ട്. അത്തരം വരികളിൽ ജീവിതത്തിന്റെ ദർശനം തന്നെ വെളിപ്പെടുത്തുകയാണോ എന്ന് തോന്നിയിട്ടുണ്ട്. ജീവിതത്തിൽ ഉണ്ടായിത്തീരുന്ന അനുഭവങ്ങളെ ഓർത്ത് അദ്ദേഹം വിസ്മയം കൊള്ളാറുണ്ട്. കൈയിൽ ഒരു കടലാസ് തുണ്ടുമായി അദ്ദേഹം നടത്തം തുടങ്ങിയിട്ട് നീണ്ട ദശകങ്ങളായി. പ്രകൃതിയോടും മനുഷ്യരോടും ജീവജാലങ്ങളോടുമെല്ലാം മിണ്ടിയും പറഞ്ഞും പത്മനാഭൻ നടന്നെത്തുകയായിരുന്നു പഴയ ഓർമ്മകൾ അദ്ദേഹത്തിന്റെ ഹൃദയത്തിൽ തള്ളി വന്നുകൊണ്ടിരിക്കും അമ്മ, അമ്മാവൻ, സഹോദരിമാർ, ജ്യേഷ്ഠൻ, സഹപാഠികൾ, അദ്ധ്യാപകർ അങ്ങനെ നീണ്ടു നീണ്ടു പോകുന്ന ഓർമ്മകൾ. ഇതിന്നിടയിലും സമകാലിക സംഭവങ്ങളോട് പ്രതികരിക്കാൻ സമയം കണ്ടെത്തും ഓണപ്പതിപ്പുകൾക്ക് കഥകളെഴുതിക്കൊടുക്കും. പ്രായം തൊണ്ണൂറ്റി ഒന്നായെങ്കിലും പത്മനാഭന്റ മനസിന് നിത്യ യൗവനം തന്നെ.
ഒരു ഓണക്കാലത്താണ് അദ്ദേഹം സ്നേഹം മാത്രം എന്ന കഥയെഴുതിയത്. പത്മനാഭന്റെ മനസിൽ യൗവനത്തിന്റെ ലാവണ്യം തളിരിട്ടു കിടക്കുന്നു എന്ന് ഈ കഥ വ്യക്തമാക്കുന്നു. ഓർമ്മകളിൽ നിറഞ്ഞു നിന്ന ഒരു ഉണർവ് ശാഖോപശാഖകളായി പടർന്നു പന്തലിക്കുന്നതാണ് കഥയിലെ ആശയം. അദ്ദേഹത്തിന്റെ പല കഥകളിലും ഈ ഭാവം സ്ഫുരിക്കുന്നുണ്ട്. മൂല്യബോധത്തിന്റെ തിരിച്ചറിവുകളായും അദ്ദേഹത്തിന്റെ കഥകളെ വിലയിരുത്താം. സിദ്ധാർത്ഥ രാജകുമാരന്റെയും മുറിവേറ്റ അരയന്നത്തിന്റെയും കഥ അദ്ദേഹം കുട്ടിക്കാലത്തു തന്നെ വായിച്ചതാണ്. അമ്പേറ്റ് അരയന്നം മുന്നിൽ വീണപ്പോൾ സിദ്ധാർത്ഥൻ ഓടിച്ചെന്നെടുത്ത് ശുശ്രൂഷിച്ചു. പിന്നീടതിനെ ആകാശത്തേക്ക് പറത്തിവിട്ടു. സിദ്ധാർത്ഥന്റെ ഈ കാരുണ്യം പത്മനാഭന്റ കഥകളിലെ പിൻ നിലാവായി ഒഴുകി നീങ്ങുന്നത് അനുഭവപ്പെടും.
വ്യക്തിയെന്ന നിലയ്ക്കും എഴുത്തുകാരനെന്ന നിലയ്ക്കും പത്മനാഭൻ ഏറെ ചർച്ച ചെയ്യപ്പെടുന്നു. പിറന്നാൾ കടന്നുവരുമ്പോൾ പുതിയ തലമുറയോട് ജീവിതം ജീവിക്കാനുള്ളതാണെന്ന ചിന്തയുണ്ടാകണമെന്ന് അദ്ദേഹം ഉപദേശിക്കുന്നു. പ്രതിബന്ധങ്ങൾ ഇടയ്ക്കിടെ വന്നുചേരും. എല്ലാം തട്ടിമാറ്റി മുന്നോട്ട് നീങ്ങണം. നക്ഷത്രങ്ങളിലെത്താൻ ലക്ഷ്യം വച്ചു കൊണ്ട് വേണം പ്രവർത്തിക്കാൻ. പ്രിയപ്പെട്ട അനുജന്മാരേ അനുജത്തിമാരേ ആത്മാവാണ് പ്രധാനം. വേഷഭൂഷകളല്ല. നന്നായി വായിക്കണം.നല്ലപോലെ ചിന്തിക്കണം. ഇഷ്ടപ്പെടാത്തത് തുറന്നു പറയണം. അറിയാത്ത കാര്യങ്ങളിൽ ഇടപെടരുത്.സ്വന്തം മനസ്സിനെ വഞ്ചിക്കേണ്ട ഗതികേടുണ്ടാകരുത് - ഇതൊക്കെയാണ് കഥാകൃത്തിന്റെ ഉപദേശങ്ങൾ.
പത്മനാഭൻ ആരുടെ മുന്നിലും ശിരസ്സ് നമിച്ചിട്ടില്ല.ശരിയെന്ന് തോന്നിയത് തുറന്നു പറഞ്ഞു. സമൂഹത്തിൽ വഴികാട്ടികളായി നിന്ന വിളക്കുകൾ അണഞ്ഞു പോകുന്നതിൽ അദ്ദേഹത്തിന്ന് വിഷമമുണ്ട് .പഞ്ചശീലത്തിന്റെ നാടാണിത് . ബുദ്ധന്റെയും ഗാന്ധിജിയുടെയും നാട്. സ്വദേശി ബോധവും സ്വാതന്ത്ര്യ ബോധവും ജനങ്ങളെ ആവേശം കൊള്ളിച്ചിരുന്നു. ഇന്ന് കഥ മാറുകയാണ്.
എഴുത്തുകാരനായ പത്മനാഭൻ നമ്മുടെ കാലഘട്ടത്തിലെ സജീവ സാന്നിധ്യമാണ്. അദ്ദേഹത്തിന്റെ കഥകളിലെല്ലാം ജീവിതമുണ്ട്. കുളിർ കാറ്റിന്റെ സ്നേഹസ്പർശമാണ് അദ്ദേഹത്തിന്റെ കഥകൾ. തൊണ്ണൂറ്റി ഒന്നിലും പള്ളിക്കുന്നിലെ മുരിങ്ങമരം ചാഞ്ഞ വീട്ടിൽ പുസ്തകങ്ങൾക്കും പൂച്ചകൾക്കുമിടയിൽ ജീവിതത്തിലെ പ്രകാശ പ്രസരിപ്പായി പത്മനാഭൻ കഴിഞ്ഞു കൂടുന്നു.