തിരുവനന്തപുരം: സോളാർ കേസിലെ ഇരയെക്കൊണ്ട് പലതും എഴുതിക്കുകയും പറയിക്കുകയും ചെയ്തത് കെ.ബി. ഗണേശ് കുമാറാണെന്നും അദ്ദേഹമാണ് കേസിലെ മുഖ്യപ്രതിയെന്നുമുള്ള വെളിപ്പെടുത്തലുമായി ഗണേശിന്റെയും ആർ. ബാലകൃഷ്ണപിള്ളയുടെയും ബന്ധു ശരണ്യ മനോജ് രംഗത്തെത്തിയതോടെ, തിരഞ്ഞെടുപ്പാവേശത്തിന് എരിവ് പകർന്ന് സോളാർ വിവാദം വീണ്ടും സജീവമായി. വരും ദിവസങ്ങളിൽ ആരോപണ- പ്രത്യാരോപണങ്ങൾക്ക് ഇന്ധനമാകാൻ വഴിയൊരുക്കുന്നതാണ് ശരണ്യ മനോജിന്റെ വെളിപ്പെടുത്തൽ.
ചെങ്ങന്നൂർ എം.എൽ.എ കൂടിയായ സി.പി.എം സംസ്ഥാനസമിതി അംഗം സജി ചെറിയാനും ഗൂഢാലോചനയിൽ പങ്കാളിയായെന്ന മനോജിന്റെ വെളിപ്പെടുത്തൽ ആരോപണമുന സി.പി.എമ്മിലേക്കും തിരിക്കുമെന്ന് യു.ഡി.എഫ് വിലയിരുത്തുന്നു. ഇടതുപാളയത്തിലുള്ള ഗണേശ് കുമാറിനെതിരായ ഗുരുതര ആക്ഷേപം ഇടതുപക്ഷത്തെ തിരഞ്ഞെടുപ്പ്കാലത്ത് പ്രതിരോധത്തിലാക്കാനുള്ള ആയുധമാകും. നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് പിടിയിലായ ഗണേശിന്റെ പി.എ പ്രദീപ് കുമാറിന്റെ പേര് ഇപ്പോൾ മനോജിന്റെ വെളിപ്പെടുത്തലിലും ഉൾപ്പെട്ടിട്ടുണ്ട്.
എന്നാൽ, മനോജ് തന്നെ ദൃശ്യമാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ, യു.ഡി.എഫ് നേതാക്കളുടെ പേരുകളൊഴിവാക്കാൻ സോളാർ കേസിലെ ഇരയ്ക്കുമേൽ താൻ സമ്മർദ്ദം ചെലുത്തിയെന്ന് പറഞ്ഞത് യു.ഡി.എഫിനും തിരിച്ചടിയാണ്. കേരള കോൺഗ്രസ്-ബി വിട്ട് കോൺഗ്രസിൽ അടുത്തിടെ ചേർന്ന മനോജ്, സ്വന്തം നേതാക്കളെ പ്രതിസന്ധിയിലാക്കുകയാണ് ചെയ്തത്. ഇടതുക്യാമ്പുകൾക്ക് പിടിവള്ളിയാകുന്നതും ഈ വെളിപ്പെടുത്തലായിരിക്കും.
ചെങ്ങന്നൂർ സ്വദേശിയായ യുവതിയുടെ കാര്യത്തിൽ നാട്ടുകാരനെന്ന നിലയിലും ആ സമയത്ത് സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയെന്ന നിലയിലുമാണ് ഇടപെട്ടതെന്നാണ് സജി ചെറിയാന്റെ വാദം.
മനോജിന്റെ വെളിപ്പെടുത്തൽ നിഷേധിച്ച് ഇരയായ യുവതി രംഗത്തെത്തി. എന്നാൽ വിവാദകാലത്ത് അവരുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണൻ മനോജിനെ തുണച്ചും രംഗത്തുവന്നു. ഗണേശ് കുമാർ പ്രതികരിച്ചിട്ടില്ല. ആരോപണമുയർന്നപ്പോൾ ദു:ഖിച്ചില്ലെന്നും ഇപ്പോൾ അമിതമായി സന്തോഷിക്കുന്നില്ലെന്നും പറഞ്ഞ ഉമ്മൻ ചാണ്ടി, മനോജിന്റെ വെളിപ്പെടുത്തലുകളോട് വൈകാരികമായാണ് പ്രതികരിച്ചത്. ആരോടും പ്രതികാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ഭരണകാലത്തിന് ശേഷം ഏതാണ്ട് അസ്തമിച്ച വിവാദം ഇടക്കാലത്ത് വേങ്ങര ഉപതിരഞ്ഞെടുപ്പ് വേളയിലാണ് വീണ്ടും ചർച്ചാവിഷയമായത്. അതിനിടയാക്കിയത് ഇതേക്കുറിച്ചന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമ്മിഷൻ റിപ്പോർട്ടാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെയടക്കം രൂക്ഷപരാമർശങ്ങളടങ്ങിയ റിപ്പോർട്ടിൽ തുടരന്വേഷണത്തിന് സർക്കാർ നീക്കമാരംഭിച്ചെങ്കിലും നിയമോപദേശങ്ങൾ അനുകൂലമല്ലാതിരുന്നതിനാൽ പാതിവഴിക്ക് നിലയ്ക്കുകയാണുണ്ടായത്.
സമീപകാലത്ത് മുൻമന്ത്രി എ.പി. അനിൽകുമാറിനെതിരെ സോളാർ കേസിലെ ഇര നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കേസന്വേഷണം മുറുക്കാൻ സർക്കാർ കച്ച കെട്ടിയതോടെ വീണ്ടും രാഷ്ട്രീയപ്പുക ഉയർന്നെങ്കിൽ ശരണ്യ മനോജിന്റെ വെളിപ്പെടുത്തലോടെ വിവാദം മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണ്.
ഉമ്മൻ ചാണ്ടിക്ക് അറിയാവുന്ന ഒരു രഹസ്യമുണ്ടെന്ന് പറഞ്ഞ ശരണ്യ മനോജ്, അതൊരു സസ്പെൻസായി നിറുത്തിയിരിക്കുകയാണ്. പുതിയ വിവരങ്ങൾ പുറത്തുവരുമെന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രതികരണം ആകാംക്ഷ കനപ്പിക്കുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലേക്കെത്തുമ്പോൾ സോളാറിൽ പുതിയ വഴിത്തിരിവ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നു.