തദ്ദേശ തിരഞ്ഞെടുപ്പ് പോരിൽ കൊല്ലത്തെ കുട്ടി സ്ഥാനാർത്ഥികളിലൊരാളാണ് കോർപറേഷൻ കടപ്പാക്കട ഡിവിഷനിലെ യു.ഡി.എഫ് സാരഥി ആശാ കൃഷ്ണൻ. എന്നാൽ രാഷ്ട്രീയ പ്രവർത്തനത്തിൽ ആശ അത്ര കുട്ടിയല്ല. നാലുവർഷമായി കൊല്ലത്തെ കെ.എസ്.യു സമരമുഖങ്ങളിലെ നിറസാന്നിദ്ധ്യമാണ്. ഇല്ലായ്മകളോട് പടപൊരുതി ജീവിക്കുന്ന ആശ വോട്ടർമാരുടെ മനസിൽ കുഞ്ഞുപെങ്ങളായും മകളായുമൊക്കെ ഇടംപിടിക്കുകയാണ്. ഒക്ടോബർ 30നാണ് ആശയ്ക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പ്രായപരിധിയായ 21 വയസ് തികഞ്ഞത്. പ്ലസ്ടു കഴിഞ്ഞ് മനയിൽകുളങ്ങര വനിതാ ഐ.ടി.ഐയിൽ പഠിക്കുമ്പോഴാണ് കെ.എസ്.യു പ്രവർത്തകയായത്. വൈകാതെ യൂണിറ്റ് പ്രസിഡന്റായി. ഇപ്പോൾ ജില്ലാ സെക്രട്ടറിയുമാണ്. വിദൂര ബിരുദ കോഴ്സ് ചെയ്യുകയാണ് ആശ. അച്ഛൻ നേരത്തേ മരിച്ചു. കശുഅണ്ടി തൊഴിലാളിയായ അമ്മ കിടപ്പിലാണ്. സഹോദരൻ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ്മാനാണ്. കോളേജിൽ പോകണമെന്നത് വലിയ ആഗ്രഹമായിരുന്നു. ഇടയ്ക്ക് എന്തെങ്കിലും ജോലിക്ക് കൂടി പോകാനായാണ് വിദൂര കോഴ്സിന് ചേർന്നത്. കടപ്പാക്കടയിൽ ആകെയുള്ള മുക്കാൽ സെന്റ് സ്ഥലത്ത് സർക്കാർ നൽകിയ തുക ഉപയോഗിച്ച് നിർമ്മിച്ച ഒറ്റമുറി വീട്ടിലാണ് താമസം. തന്നെപ്പോലെ പണമില്ലാത്തതിന്റെ പേരിൽ ഒരു പെൺകുട്ടിക്കും സ്വപ്നങ്ങൾ നഷ്ടമാകരുത്. പാവങ്ങളുടെ ആഗ്രഹങ്ങൾ സഫലമാക്കാൻ ഒപ്പം നിൽക്കണം. ഇതാണ് ആശയുടെ സ്വപ്നം.