തൃശൂർ: ജി.എച്ച്.എസ്.എസ് ചെമ്പൂച്ചിറയിലെ കെട്ടിടത്തിന്റെ കോൺക്രീറ്റ് നിർമ്മിതികൾ ഉൾപ്പടെയുള്ള ഘടന സുദൃഢവും പൂർണ സുരക്ഷിതവുമാണെന്ന് വാപ്കോസിന്റെ ഇടക്കാല റിപ്പോർട്ട്.
കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതി നിർമ്മാണ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനമാണ് വാപ്കോസ്. കൈറ്റിനാണ് വാപ്കോസ് റീബൗണ്ട് ഹാമർ ടെസ്റ്റുൾപ്പെടെ നടത്തിയതിന്റെ അടിസ്ഥാനത്തിൽ ഇടക്കാല റിപ്പോർട്ട് നൽകിയത്. വാപ്കോസിനായി തദ്ദേശസ്വയംഭരണ വകുപ്പ് മുൻ ചീഫ് എൻജിനീയർ സജികുമാറിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ടീമാണ് പരിശോധന നടത്തിയത്.
എന്നാൽ ടോയ്ലെറ്റ് ബ്ലോക്കിലെ പ്ലാസ്റ്ററിംഗിൽ പോരായ്മകളുണ്ട്. ലോക്ഡൗൺ കാലത്ത് കരാറുകാരൻ നടത്തിയ പ്ലാസ്റ്ററിംഗ് പ്രവർത്തനങ്ങളിൽ തകരാറ് കണ്ടെത്തിയ ഉടനെ ഇതുമായി ബന്ധപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി. ഈ ഭാഗത്തെ പേയ്മെന്റിനായി അളവെടുക്കുകയോ ബില്ലുകൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല.
പ്ലാസ്റ്ററിംഗിലെ സാമ്പിളുകൾ ഗുണനിലവാര പരിശോധനയ്ക്കായി ശേഖരിച്ചു. പ്ലാസ്റ്ററിംഗ് ജോലികളിൽ അപര്യാപ്തത കണ്ട ഭാഗങ്ങളിലെ ആർ.സി.സി. കോളങ്ങളും ബീമുകളും എല്ലാം ടെസ്റ്റിന് വിധേയമാക്കി. സൈറ്റിൽ ക്വാളിറ്റി രജിസ്റ്റർ, ഹിൻഡറൻസ് രജിസ്റ്റർ, സിമന്റ് കോൺക്രീറ്റ് ക്യൂബ് രജിസ്റ്റർ, സൈറ്റ് ഓർഡർ ബുക്ക് തുടങ്ങിയവ സൂക്ഷിച്ചിട്ടുണ്ട്.
കെട്ടിടത്തിന്റെ ബലത്തിനും ഘടനയ്ക്കും യാതൊരു വിധ പ്രശ്നവുമില്ലാതെ പുതിയ കെട്ടിടത്തിന്റെ ഒരു ഭാഗം പഠനത്തിന് കഴിഞ്ഞ അക്കാഡമിക വർഷം ഉപയോഗിച്ചിട്ടുണ്ട്. പ്ലാസ്റ്ററിംഗിലെ പ്രശ്നത്തിന് ഇടയാക്കിയ സാഹചര്യം വിശദമായ അന്വേഷണത്തിന് വിധേയമാക്കാനും വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി എടുക്കാനും നിദേശിച്ചിട്ടുണ്ടെന്ന് കൈറ്റ് ഇൻഫ്രാ ടെക്നിക്കൽ കോ ഓർഡിനേറ്റർ എസ്. ചന്ദ്രകുമാർ അറിയിച്ചു.
വകുപ്പ് തല അന്വേഷണത്തിന് നിര്‍ദ്ദേശം
തൃശൂർ: ചെമ്പൂച്ചിറ സര്‍ക്കാര്‍ സ്കൂള്‍ കെട്ടിടത്തിന്റെ അപാകതകളെ സംബന്ധിച്ച് വകുപ്പുതല അന്വേഷണത്തിന് നിര്‍ദ്ദേശം. വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥാണ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്. പൊതുവിദ്യാഭ്യാസ സെക്രട്ടറിക്കാണ് അന്വേഷണച്ചുമതല.