2014ലെ ഐ.എഫ്.എഫ്.കെ ദിനങ്ങൾ. പതിവിന് വിപരീതമായി ചടങ്ങ് എന്ന നിലയിൽ ഗ്രാൻഡെയ്സ് ഹോട്ടലിൽ നടക്കുന്ന സായാഹ്ന വിരുന്നിൽ (ഉപദേശക സമിതി അംഗമെന്ന നിലയിൽ) പങ്കെടുത്തു. അത്യാവശ്യം ഭക്ഷണവുമായി ഒരു ഒഴിഞ്ഞ മേശയും കസേരയും ഉപയോഗിക്കവേ ഒരു ചെറുപ്പക്കാരൻ തന്റെ ഭക്ഷണവുമായി ഒഴിഞ്ഞുകിടക്കുന്ന ഇരിപ്പിടം ഉപയോഗിക്കാൻ അനുവാദം ചോദിക്കുന്നു. അതിഥിയായ എന്നോട് വിനയപൂർവം അനുവാദം ചോദിച്ചതിൽ തികച്ചും അത്ഭുതം തോന്നി. ആസനസ്ഥനായ യുവാവ് ഭക്ഷണം കഴിക്കാൻ തുടങ്ങുന്നതിനു മുൻപ് എന്നെ ശ്രദ്ധിച്ച് ഇരിക്കുന്നു! പിന്നീട് താഴ്ന്ന സ്വരത്തിൽ ചോദിച്ചു. ''സർ ജോർജ് മാത്യുവല്ലേ." ഞാൻ വീണ്ടും അത്ഭുതപ്പെട്ടു. 'ഉവ്വ്." ടിഫിന്റെ (ട്രിവാൻഡ്രം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ചുരുക്കപ്പേര്) ഡയറക്ടർ അല്ലെ. ''ഉവ്വ്" എന്തിന് ഒളിയ്ക്കണം. എനിക്ക് അതിന്റെ അഭിമാനമേ ഉള്ളൂ. ''സർ 2010 മുതൽ ടിഫിന്റെ സ്ഥിരം ഡെലിഗേറ്റാണ്. പേര് സജിൻ ബാബു. എന്റെ ചിത്രം 'അസ്തമയം വരെ" മേളയിലുണ്ട്. ഞാൻ ' അസ്തമയം വരെ" കണ്ടിരുന്നു. അല്പസ്വല്പം അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും നല്ല പരിശ്രമം എന്ന് കരുതിയിരുന്നു. പിന്നീട് പത്തുപതിനഞ്ച് മിനിട്ട് ഞങ്ങൾ സംസാരിച്ചു. 'അസ്തമയം വരെ" ആ വർഷത്തെ ഐ.എഫ്.എഫ്.കെയിൽ ഏറ്റവും അധികം ഡെലിഗേറ്റുകൾ കണ്ട മലയാള ചിത്രമായിരുന്നു.
പിന്നീട് രണ്ട് മൂന്ന് വർഷം സജിനെക്കുറിച്ച് ഒന്നും കേട്ടില്ല. അദ്ദേഹത്തിന്റെ ആ വർഷത്തെ സഹപ്രശസ്തരിൽ ഒരാളായ സനൽകുമാർ ശശിധരൻ ഒഴിവ് ദിവസത്തെ കളിയുമായി അരങ്ങ് തകർത്തു. പിന്നെ സെക്സി ദുർഗ. മൂന്ന് വർഷത്തിന് ശേഷം 'അയാൾ ശശി" എന്ന ഒരാനാകർഷക ശീർഷകവുമായി സജിൻ വന്നു. അതിന്റെ സെൻസറിംഗ് കഴിഞ്ഞ് ചിത്രം റിലീസ് ചെയ്യാനുള്ള നെട്ടോട്ടത്തിൽ തിരുമലയ്ക്കടുത്ത് ബൈക്ക് അപകടത്തിൽപ്പെട്ട വാർത്ത അറിഞ്ഞു. ഞാൻ വല്ലാതെ അസ്വസ്ഥനായ ദിവസങ്ങൾ! ഞാൻ ഒരു തിരിച്ചറിവിൽ എത്തുകയായിരുന്നു. എന്റെ മനസിൽ എങ്ങനെയോ ഈ ചെറുപ്പക്കാരൻ ഉടക്കിനിൽക്കുന്നുണ്ട്. 'അയാൾ ശശി" എതോ ചാനൽ സ്ക്രീനിംഗിലാണ് ഞാൻ കാണുന്നത്. ചിത്രം എന്നെ വല്ലാതെ ആകർഷിച്ചു. എന്തൊരു പുതുമ ഉള്ള വിഷയം; എത്ര ലാഘവത്തിലാണ് 'മരണം" എന്ന ഭാരിച്ച വിഷയത്തെ സജിൻ കൈകാര്യം ചെയ്യുന്നത്. ശ്രീനിവാസൻ എന്ന അസുലഭ പ്രതിഭയെ എത്ര മെയ്വഴക്കത്തോടെയാണ് സജിൻ ഉപയോഗിക്കുന്നത്. സജിനെ ഞാൻ മനസിൽ നമിച്ചു.
കഴിഞ്ഞ വർഷം, 2019 ഇഫി (IFFI) യിൽ നിരന്തരം സജിനെ കണ്ടു. സംസാരിച്ചു. എന്നോടൊപ്പം അപ്പോഴൊക്കെ മാദ്ധ്യമ പ്രവർത്തകനായ വി.എസ്. രാജേഷും ഉണ്ടായിരുന്നു. ഇരുവർക്കും ഒരേ അഭിപ്രായം! ഡാൻ വോൾമാൻ (ഇസ്രയേൽ 2018ലെ IFFI ലൈഫ് ടൈം അവാർഡ് ജേതാവ്) കാണാൻ ഞങ്ങൾ ഹോട്ടൽ മാരിയറ്റിലെ എൻ.എഫ്.ഡി.സിയുടെ മാർക്കറ്റിംഗ് വിഭാഗത്തിൽ എത്തിയിരുന്നു. സജിൻ ഒരു പ്രൊഫഷണൽ സംഘാടകനെപ്പോലെ തന്റെ പുതിയ ചിത്രം 'ബിരിയാണി"യുടെ പ്രൊമോഷൻ സ്ക്രീനിംഗിന്റെ തിരക്കിൽ. എന്നിട്ടും ഏറെ നേരം സംസാരിച്ചു. സജിൻ വളരെ കൂൾ. മാർക്കറ്റിംഗ് സ്ക്രീനിംഗിന് വിദേശ പ്രതിനിധികളും ഫെസ്റ്റിവൽ ഏജന്റുമാരും ആണ് എത്തുക. അവരെ സംഘടിപ്പിച്ച് ഒറ്റ സ്ക്രീനിംഗിന് എത്തിക്കുക ഒരു ട്രപ്പീസ് പോലെയാണ്. കാരണം അത്ര എക്സ്പെൻസീവ് ആണ് അത്തരം പ്രദർശനങ്ങൾ!
ദേ, ഇപ്പോൾ 'ബിരിയാണി"യ്ക്ക് ആഴ്ചയിൽ ഓരോ വിദേശ ചലച്ചിത്ര മേളകളിൽ നിന്നും ഉന്നത അംഗീകാരങ്ങൾ! അവാർഡുകളുടെ പെരുമഴ! എത്രയെത്ര മേളകൾ! കനി കുസൃതിയും സജിനും എവിടെയും ആദരിക്കപ്പെടുന്നു; അവരുടെ സാന്നിദ്ധ്യമില്ലാതെ! ഏറ്റവും ദുർഘടമായ സംസ്ഥാന ചലച്ചിത്ര അവാർഡു പോലും തേടിയെത്തി!
നമ്മുടെ മഹാരഥന്മാരായ അടൂരും അരവിന്ദനും ഷാജിയും ഒക്കെ വിദേശ ചലച്ചിത്ര മേളകളിലെ താരങ്ങൾ ആയിരുന്നല്ലൊ! പക്ഷേ ഇത്രയേറെ അംഗീകാരങ്ങളൊന്നും ഒപ്പം കൂടിയിരുന്നില്ല. ഇന്നിപ്പോൾ ഡോ. ബിജുവും സനൽകുമാറും സജിനും ഒക്കെ അവാർഡുകൾ വാരിക്കൂട്ടുമ്പോൾ അവരെ ഒന്ന് അനുമോദിക്കാനോ ആദരിക്കാനോ നമുക്ക് വൈമുഖ്യം! ആ ദുഃഖത്തിൽ നിന്ന് ആണ് എന്റെ ഈ ചുരുങ്ങിയ വാക്കുകൾ!
എന്റെ അമർഷത്തിന്റെ ഒരു ബഹിർസ്ഫുരണം! ക്ഷമിക്കുക!