അബുജ: വടക്കുകിഴക്കൻ നൈജീരിയയിൽ ശനിയാഴ്ച നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി. കൃഷിസ്ഥലത്ത് വിളവെടുപ്പ് നടത്തുകയായിരുന്ന സ്ത്രീകളും കുട്ടികളുമടക്കമാണ് ആക്രമണത്തിന് ഇരയായത്. മോട്ടാർ ബൈക്കുകളിലെത്തിയ ഭീകരർ ഇവർക്ക് നേരെ നിറുത്താതെ വെടിവയ്ക്കുകയായിരുന്നുവെന്ന് ഐക്യരാഷ്ട്രസഭ പ്രതിനിധി എഡ്വാർഡ് കല്ലൊൻ പറയുന്നു.
66 ആളുകൾ കൊല്ലപ്പെട്ടുവെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. നിരവധി ആളുകൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കാം. വീടുകളിൽ കഴിഞ്ഞാൽ പട്ടിണി കിടന്ന് മരിക്കണ്ട അവസ്ഥയും പുറത്തിറങ്ങിയാൽ ഭീകരരാൽ കൊല്ലപ്പെടേണ്ട അവസ്ഥ യുമാണെന്ന് ബോർണോ ഗവർണർ ഉമറാ സുലും പറഞ്ഞു.
സംഭവത്തിന്റെ ഉത്തരവാദിത്വം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ബോകോ ഹറാം ഭീകരസംഘടനയുമായി ബന്ധപ്പെട്ടവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, കൃഷിസ്ഥലലത്തുണ്ടായിരുന്ന സ്ത്രീകളെ തട്ടികൊണ്ടുപോയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.ഭീകരസംഘടനകളായ ബോക്കോ ഹറാമും അതിൽ നിന്ന് വിഘടിച്ചു പോയ പശ്ചിമാഫ്രിക്ക ഇസ്ലാമിക് സ്റ്റേറ്റും ബോർണോ മേഖലയിൽ ശക്തമാണ്. ഇരുവിഭാഗങ്ങളും മേഖലയിൽ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഭീകരരുടെ ആക്രമണത്തിൽ നിരവധി നൈജീരിയൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. സൈന്യത്തിനെതിരായ തുടർച്ചയായ ആക്രമണങ്ങളെ തുടർന്ന് ചില പ്രത്യേക മേഖലകളിൽ മാത്രമായി സൈന്യം തമ്പടിക്കുക എന്ന നയം നൈജീരിയ കൈകൊണ്ടിരുന്നു. വിദൂര ഗ്രാമങ്ങളിൽ നിന്നും മേഖലകളിൽ നിന്നും സൈന്യത്തെ പിൻവലിച്ച് ശക്തികേന്ദ്രങ്ങളിൽ മാത്രം സൈന്യം കേന്ദ്രീകരിച്ചതോടെ സൈനിക നാശം നൈജീരിയക്ക് തടയാനായി. അതേസമയം, വിദൂര മേഖലകളുടെ നിയന്ത്രണം ഭീകരർ കൈയടക്കുന്ന സ്ഥിതിവിശേഷമായി.