കട്ടയ്ക്ക് കട്ട മത്സരം നടക്കുന്ന ഡിവിഷനാണ് ഭരണിക്കാവ്. മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥികൾ യുവാക്കളും. ജില്ലാ പഞ്ചായത്ത് രൂപീകരിച്ച് നടന്ന കന്നിപ്പോരാട്ടത്തിൽ കോൺഗ്രസിലെ അഡ്വ.ജോൺസൺ എബ്രഹാമിലൂടെ വിജയം കൊയ്യാൻ യു.ഡി.എഫിന് കഴിഞ്ഞെങ്കിലും പിന്നീട് എല്ലാ തിരഞ്ഞെടുപ്പുകളിലും എൽ.ഡി.എഫിനൊപ്പമായിരുന്നു വിജയം. 2000ൽ ജനതാദളിലെ അഡ്വ. മാത്യു വേളങ്ങാടനാണ് ഇടതു പടയോട്ടത്തിന് തുടക്കമിട്ടത്. ജി.രാജമ്മ, എ.എം.ഹാഷിർ,കെ.സുമ എന്നിവരാണ് പിന്നീട് ജേതാക്കളായത്. മൂന്ന് മുന്നണികളുടെയും പ്രമുഖ നേതാക്കൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇവിടെയെത്തിയത് ഡിവിഷന് ഓരോരുത്തരും നൽകുന്ന പ്രാധാന്യം വെളിവാക്കുന്നു.
ഡിവിഷൻ ഘടന
ഭരണിക്കാവ് ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളും താമരക്കുളം (14),വള്ളികുന്നം (10),ചുനക്കര (6) പഞ്ചായത്ത് വാർഡുകളും ഉൾപ്പെട്ടതാണ് ഭരണിക്കാവ് ഡിവിഷൻ.
മുന്നണി സ്ഥാനാർത്ഥികൾ
നികേഷ് തമ്പി (എൽ.ഡി.എഫ്)
ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്നു.നിലവിൽ ഡി.വൈ.എഫ്.ഐ മാവേലിക്കര ബ്ളോക്ക് പ്രസിഡന്റ്.എസ്.എഫ്.ഐ മുൻ ജില്ലാ വൈസ് പ്രസിഡന്റാണ്.
അവിനാശ് ഗംഗൻ (യു.ഡി.എഫ്)
ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് മുൻ അംഗം.കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി.യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ തിരഞ്ഞെടുപ്പ് കോ-ഓർഡിനേറ്ററായി പ്രവർത്തിച്ചിട്ടുണ്ട്.
ബിജുകുമാർ പ്ളാവിളയിൽ (എൻ.ഡി.എ)
ബി.ഡി.ജെ.എസിനെ മുന്നിൽ നിറുത്തിയാണ് എൻ.ഡി.എ പോരാട്ടം. ബി.ഡി.ജെ.എസ് മാവേലിക്കര നിയോജക മണ്ഡലം പ്രസിഡന്റും എൻ.ഡി.എ നിയോജക മണ്ഡലം കൺവീനറുമാണ്. എസ്.എൻ.ഡി.പിയോഗം മാവേലിക്കര യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ്.
കഴിഞ്ഞ തിരഞ്ഞെടുപ്പ് ചിത്രം
കെ.സുമ (സി.പി.എം)..............23,666
അഡ്വ.ദീപാദിവാകർ (കോൺ)....21,846
എസ്.ഗിരിജ (ബി.ജെ.പി)........6208
ഭൂരിപക്ഷം.............1820