തിരുവനന്തപുരം: വിജിലൻസ് വകുപ്പിന്റെ മന്ത്രി താനായിരുന്നെങ്കിൽ മറ്റൊരു വകുപ്പിന്റെ സ്ഥാപനത്തിൽ ബന്ധപ്പെട്ട മന്ത്രിയെ വിശ്വാസത്തിലെടുക്കുകയും, അറിയിക്കുകയും ചെയ്തിട്ടേ വിജിലൻസ് റെയ്ഡ് നടത്തൂവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. കെ.എസ്.എഫ്.ഇയിലെ വിജിലൻസ് റെയ്ഡിനെച്ചൊല്ലി ധനമന്ത്രി ഐസക് ഉയർത്തിയ വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.എന്റെ പ്രവർത്തനശൈലിയാണത്. മറ്റുള്ളവരുടേത് അങ്ങനെയാകണമെന്നില്ല. കെ.എസ്.എഫ്.ഇ റെയ്ഡിന് പിന്നിൽ സി.പി.എമ്മിലെ ആഭ്യന്തര പ്രശ്നമാണോ എന്നതൊക്കെ അവർ ചർച്ച ചെയ്യട്ടെ. കെ.എസ്.എഫ്.ഇ നല്ലൊരു പൊതുമേഖലാ സ്ഥാപനമാണ്. അവിടെയുണ്ടായ വിജിലൻസ് റെയ്ഡ് ധനമന്ത്രിക്കെതിരായ ഗൂഢാലോചനയാണോ എന്നൊന്നും എനിക്ക് പറയാനാവില്ല. കുറച്ചു കാലത്തെ അന്വേഷണങ്ങൾക്ക് ശേഷമാണ് വിജിലൻസ് റെയ്ഡെന്നാണ് മനസിലാക്കാനായത്.വികസനത്തിനായി കിഫ്ബി പണം കടമെടുക്കുന്നതിലൊന്നും തെറ്റില്ല. എന്നാൽ, തിരിച്ചടവ് സംസ്ഥാനത്തിന്റെ ബാദ്ധ്യതയാവരുത്. തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നല്ല ആത്മവിശ്വാസത്തിലാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സമീപനങ്ങളിൽ ജനങ്ങൾക്കുള്ള അസംതൃപ്തി തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. പരസ്യങ്ങളിൽ തെളിഞ്ഞു നിൽക്കുന്നതല്ലാതെ, സംസ്ഥാന സർക്കാരിന് നേട്ടമൊന്നും അവകാശപ്പെടാനില്ല. സ്വജനപക്ഷപാതവും അഴിമതിയും എവിടെയും തെളിഞ്ഞു നിൽക്കുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും യു.ഡി.എഫിന് ശുഭപ്രതീക്ഷയാണ്. തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാർത്ഥി ഒരിക്കലും കോൺഗ്രസിനുണ്ടായിട്ടില്ല. തിരഞ്ഞെടുപ്പിന് ശേഷം ഐകകണ്ഠ്യേന മുഖ്യമന്ത്രിയുണ്ടാവും- ഉമ്മൻചാണ്ടി പറഞ്ഞു.