തിരുവനന്തപുരം : പെരിയ ഇരട്ടക്കൊലപാതക കേസിൽ സര്‍ക്കാരിന് അര്‍ഹിച്ച തിരിച്ചടി കിട്ടിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേസ് സി.ബി.ഐയ്ക്ക് വിട്ടുകൊണ്ടുള്ള സുപ്രീം കോടതി തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയനുള്ള തിരിച്ചടിയാണിതെന്ന് ശരത് ലാലിന്റെ കുടുംബവും പ്രതികരിച്ചു.
'ഇത് നീതിയുടെ വിജയമാണ്. ഇരകളുടെ കുടംബത്തോട് സര്‍ക്കാർ ക്രൂരത കാണിച്ചു. കൊലക്കേസ് പ്രതികളെ രക്ഷിക്കാൻ കോടികളാണ് സര്‍ക്കാർ ചെലവാക്കിയത്. സര്‍ക്കാരിന് അര്‍ഹിച്ച തിരിച്ചടിയാണ് കിട്ടിയത് ' വാളയാർ കേസിലും സർക്കാർ തെറ്റായ നിലപാടാണ് സ്വീകരിച്ചതെന്നും ഈ തിരിച്ചടിയുടെ പശ്ചാത്തലത്തിലെങ്കിലും വാളയാർ കേസ് സി.ബി.ഐയ്ക്ക് വിടണമെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാരിന്റെ കള്ളക്കളി പൊളിഞ്ഞതായും നീതിയ്ക്കായുള്ള പോരാട്ടത്തിൽ ജയിച്ചെന്നും ശരത് ലാലിന്റെ പിതാവ് പറഞ്ഞു. കേസ് സി.ബി.ഐ തന്നെ അന്വേഷിക്കണമെന്ന ഹൈക്കോടതി വിധി ശരിവച്ച സുപ്രീം കോടതി സി.ബി.ഐ അന്വേഷണത്തെ ചോദ്യം ചെയ്തുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളുകയും ചെയ്തു.