സ്യൂൾ: അയൽരാജ്യങ്ങളുടെ അതിർത്തി മാന്തി സ്വന്തമാക്കുന്നതു പോലെ എളുപ്പമല്ല ഒരു അച്ചാർ ഉണ്ടാക്കലെന്ന് ഇപ്പോൾ ചൈനയ്ക്ക് പിടികിട്ടിയിട്ടുണ്ടാകും.
കാരണം കൊറിയക്കാരുടെ പരമ്പരാഗത അച്ചാറായ കിംചി തങ്ങളുടേതാക്കാനുള്ള ചൈനയുടെ ശ്രമത്തെ പല്ലും നഖവും ഉപയോഗിച്ചാണ് ദക്ഷിണ കൊറിയ എതിർക്കുന്നത്. സംസ്കാരം തന്നെ മോഷ്ടിച്ചുകൊണ്ടുപോകാൻ നാണമില്ലേ, അച്ചാറും മോഷണമോ എന്നൊക്കെയാണ് കൊറിയക്കാർ സോഷ്യൽ മീഡിയ വഴി ചൈനയോട് ചോദിക്കുന്നത്. സേവ് കിംചി എന്ന ഹാഷ്ടാഗ് പ്രചാരണവും അവർ ആരംഭിച്ചു കഴിഞ്ഞു.
കിംചി കൊറിയൻ വിഭവമാണെങ്കിലും വാണിജ്യ അടിസ്ഥാനത്തിൽ ഉണ്ടാക്കി വിൽപ്പന നടത്തുന്നത് ചൈനയാണ്. ചൈനീസ് കിംചിക്ക് ഐ.എസ്.ഒ മാനദണ്ഡം ലഭിച്ചതോടെ കാര്യങ്ങൾ കൈവിട്ടു പോയി. ചൈനീസ് പത്രമായ ദ ഗ്ളോബൽ ടൈസ് കിംചിയുടെ പ്രത്യകേത സംബന്ധിച്ച് ലേഖനം എഴുതി. ഇത് കിംചി സ്വന്തമാക്കാനുള്ള ചൈനയുടെ കുതന്ത്രമാണെന്നാണ് കൊറിയക്കാർ പറയുന്നത്.
.
കിംചിയെന്നാൽ
കാബേജ് പുളിപ്പിച്ചെടുത്ത് ഉപ്പു ചേർത്ത് കുപ്പിയിലാക്കി സൂക്ഷിക്കുന്ന രീതി. ഇതിൽ വെളുത്തുള്ളി, ഇഞ്ചി, ഒരൽപ്പം പഞ്ചസാര, ഫിഷ് സോസ്, കുരുമുളക് പൊടി എന്നിവ ചേർത്താൽ കിംചി അച്ചാർ റെഡി.
ഇന്ത്യയിലും ഇത്തരം ഭക്ഷണത്തല്ല് ഉണ്ടായിട്ടുണ്ട്. മധുരപലഹാരങ്ങളായ മൈസൂർ പാക്കിന്റെ ഉത്ഭവം സംബന്ധിച്ച് തമിഴ്നാടും കർണാടകവും രസഗുളയുടെ പേരിൽ ഒഡീഷയും ബംഗാളും പരസ്പരം പോരടിച്ചിട്ടുണ്ട്.