കൊച്ചി: തിരഞ്ഞെടുപ്പ് പോര് രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെ പ്രചാരണത്തിലും വൈവിദ്ധ്യം തേടുകയാണ് സ്ഥാനാർത്ഥികളും മുന്നണികളും. ഇതിനായി കാർട്ടൂണിലും ഒരുകൈ നോക്കുകയാണവർ. സ്ഥാനാർത്ഥികളുടെ ആവശ്യാനുസരണം ജനങ്ങളുടെ മനസിൽ ഇവരെ പ്രതിഷ്ടിക്കും വിധം വൈവിദ്യമാർന്ന കാർട്ടൂണുകൾ തയ്യാറാക്കുന്ന തിരക്കിലാണ് കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ. നിരവധിപേർക്ക് ഇതിനോടകം കാർട്ടൂണുകൾ വരച്ചു നൽകി കഴിഞ്ഞു. ഇക്കുറി ആവശ്യക്കാർ കൂടുതലാണെന്ന് ബാദുഷ പറയുന്നു. സമൂഹമാദ്ധ്യമങ്ങളിലൂടെ കാർട്ടൂണുകളുടെ പ്രചാരണം ശ്രദ്ധിക്കപ്പെടുന്നുണ്ട്. കാരിക്കേച്ചറുകൾക്കും ആവശ്യക്കാർ ഏറെയുണ്ട്. സാമൂഹ്യ പ്രതിബദ്ധതയോടെ കാർട്ടൂണുകളും, കാരിക്കേച്ചറുകളും തായാറാക്കാറുള്ള ഇബ്രാഹിം ബാദുഷ ആലുവ തോട്ടുമുഖം സ്വദേശിയാണ്.
ലൈവ് കാർട്ടൂണിന് പ്രിയം
ലൈവ് കാർട്ടൂണാണ് ഇപ്പോൾ ട്രെൻഡ്. പതിവിനും വിപരീതമായി ലൈവ് വീഡിയോ കാർട്ടൂൺ വാട്സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും സ്റ്റാറ്റസുകളായി ഉൾപ്പെടുത്താൻ കഴിയുന്നതിനാലാണ് ആവശ്യക്കാർ വർദ്ധിക്കാൻ കാരണം. ഇതിലൂടെ എത്രപേർ കണ്ടെന്നതും സ്ഥാനാർത്ഥികൾക്ക് മനസിലാക്കാൻ സാധിക്കും. സ്ഥാനാർത്ഥികളുടെ ആവശ്യമനുസരിച്ച് വരച്ചുനൽകാനും സാധിക്കും. കാർട്ടൂണായി വികസന പ്രവർത്തനങ്ങൾ സാധാരണക്കാർക്ക് വേഗത്തിൽ കാര്യം ഗ്രഹിക്കാൻ പറ്റുന്ന രീതിയിൽ അവതരിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നവരും കുറവല്ല. പ്രചരണത്തിന്റെ അവസാനഘട്ടത്തിൽ മണ്ഡലത്തിലെ വികസനങ്ങളുമായി ബന്ധപ്പെട്ട കാർട്ടൂണുകൾ വരച്ച് പ്രചരണത്തിനായി ഉപയോഗിക്കാനും സ്ഥാനാർത്ഥികൾ എത്തുന്നുണ്ട്.
തിരഞ്ഞെടുപ്പ് വര
വെല്ലുവിളിയാണ്
വനിതാ സ്ഥാനാർത്ഥികൾക്ക് ഉൾപ്പെടെ കാരിക്കേച്ചറുകളാണ് കൂടുതലായി വരച്ചുനൽകുന്നത്. സ്ഥാനാർത്ഥികളുടെ കാരിക്കേച്ചർ വരയ്ക്കുമ്പോൾ ഹാസ്യം കലരാതെ ഗൗരവം ചോർന്നു പോകാതെ വരച്ചെടുക്കുന്നത് വെല്ലുവിളിയാണ്. സ്ഥാനാർത്ഥികളുടെ പോസിറ്റിവിറ്റി ചോരാതെ കൃത്യമായി വരച്ചു നൽകി വരികയാണെന്ന് ഇബ്രാഹിം ബാധുഷ പറയുന്നു.
ബോധവത്കരണം
കാർട്ടൂണിലൂടെ
സ്ഥാനാർത്ഥികൾക്കുള്ള കാർട്ടൂണുകൾക്ക് പുറമേ നിരവധി സാമൂഹ്യ പ്രതിബന്ധതയുള്ള നിരവധി കാർട്ടൂണുകൾ നേരത്തേയും ബാദുഷ തയാറാക്കിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വരച്ച കാർട്ടൂണുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. കാർട്ടൂൺ രചന, പഠന ക്യാമ്പുകളും മോട്ടോർ വാഹന വകുപ്പുമായി സഹകരിച്ച് ഗതാഗത ബോധവത്കരണ കാർട്ടൂണുകളും ബാദുഷ തയ്യാറാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബോധവത്കര കാർട്ടൂണുകൾ സർക്കാറുമായി സഹകരിച്ച് തയ്യാറാക്കാനുള്ള മുന്നൊരുക്കത്തിലാണ് ഇബ്രാഹിം ബാദുഷ.