കോലഞ്ചേരി: മിനിറ്റുകൾക്കുള്ളിൽ അതിമനോഹരമായ തിരഞ്ഞെടുപ്പ് പോസ്റ്റൊറൊരുക്കാനുള്ള സംവിധാനവുമായി ബി.ജെ.പി. ഡിസൈനർമാരുടെ സഹായമില്ലാതെ പോസ്റ്ററൊരുക്കുന്ന സങ്കേതികവിദ്യ അവതരിപ്പിച്ചാണ് മറ്റ് മുന്നണികളെ ഇക്കാര്യത്തിൽ കടത്തിവെട്ടിയിരിക്കുന്നത്.ബി.ജെ.പി സംസ്ഥാന ഐ.ടി സെല്ലാണ് പദ്ധതിക്ക് പിന്നിൽ. തിരഞ്ഞെടുപ്പ് കാലത്ത് പോസ്റ്റർ തയ്യാറാക്കുന്നവർക്കുള്ള തിരക്ക് മറികടക്കുകയാണ് ലക്ഷ്യം. poster.keralabjp.org എന്ന വെബ്സൈറ്റിൽ കയറുന്ന സ്ഥാനാർത്ഥികൾക്കും ബി.ജെ.പി അനുഭാവികൾക്കും പോസ്റ്ററുകൾ സ്വയം തയ്യറാക്കാം. ആകെ വേണ്ടത് സ്ഥാനാർത്ഥിയുടെ ഒരു നല്ല ചിത്രം മാത്രം.
നാല് സ്റ്റെപ്പിലൊരു പോസ്റ്റർ കിട്ടും. ആദ്യം സ്ഥാനാർത്ഥിയുടെ ചിത്രം വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണം. ഡിസൈൻ സെക്ഷനുകളിൽനിന്ന് പോസ്റ്ററിന്റെ ഇഷ്ടമുള്ള മോഡൽ തിരഞ്ഞെടുകയാണ് രണ്ടാം ഘട്ടം. ഫോട്ടോ കൃത്യമായി വെക്കുക, സൂം ചെയ്യുക. എല്ലാം കൃത്യമായി എന്നുതോന്നിയാൽ പോസ്റ്റർ ഡൗൺലോഡ് ചെയ്യാം.മൊബൈൽ ഫോണിൽനിന്നോ കമ്പ്യൂട്ടറിൽനിന്നോ ഇതുചെയ്യാമെന്നതാണ് പ്രത്യേകത. തികച്ചും സൗജന്യമായി സ്ഥാനാർത്ഥിയുടെ പോസ്റ്റർ തയ്യാറാക്കാം. സാമൂഹികമാദ്ധ്യമങ്ങളിലെ പ്രചാരണം ലക്ഷ്യംവെച്ചാണ് ഈ സംവിധാനമൊരുക്കിയതെന്ന് ഐ.ടി. സെൽ വക്താക്കൾ പറയുന്നു.
നിലവിലെ ഏഴ് ഡിസൈനുകളാണുള്ളത്. കൂടുതൽ ഡിസൈനുകളും ഉൾപ്പെടുത്തി സംവിധാനം വിപുലപ്പെടുത്താനുള്ള ശ്രമിത്തിലാണ് ഐ.ടി സെൽ. രണ്ട് ദിവസംകൊണ്ട് പോസ്റ്റർ ഉണ്ടാക്കിയത് രണ്ടരലക്ഷത്തിലധികം പേരാണ്. സംവിധാനം ഏർപ്പെടുത്തിയ ആദ്യമണിക്കൂറിൽ തന്നെ 40,000 ഡൗൺലോഡാണ് നടന്നത്. വരുന്നദിവസങ്ങളിലും ഡൗൺലോഡ് ചെയ്യുന്നവരുടെ എണ്ണം കൂടുമെന്നാണ് ഐ.ടി സെല്ലിന്റെ വിശ്വാസം.ഞായറാഴ്ച തൃക്കാർത്തിക പോസ്റ്ററിന് വൻ സ്വീകാര്യതയായിരുന്നു.