തിരുവനന്തപുരം: തനിക്കെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയ ബിജു രമേശ് അത് പിൻവലിച്ച് മാപ്പു പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വക്കീൽ നോട്ടീസ് അയച്ചു.
മുൻ പ്രോസിക്യൂഷൻ ജനറൽ അഡ്വ.ടി. അസഫ് അലി മുഖാന്തരമാണ് നോട്ടീസ് നൽകിയത്. 50 വർഷമായി നിസ്വാർത്ഥ രാഷ്ട്രീയ പ്രവർത്തനം നടത്തിവരുന്ന രമേശ് ചെന്നിത്തലയ്ക്ക് ബിജു രമേശിന്റെ വാസ്തവവിരുദ്ധമായ പ്രസ്താവന ഉണ്ടാക്കിയ മാനഹാനിയുടെ വില തിട്ടപ്പെടുത്താവുന്നതിലും അപ്പുറത്താണെന്നും അതിനാൽ പരാമർശങ്ങൾ പിൻവലിച്ച് മാപ്പു പറഞ്ഞില്ലെങ്കിൽ സിവിലായും ക്രിമിനലായും കേസ് ഫയൽ ചെയ്യുമെന്നും നോട്ടീസിൽ പറയുന്നു.
ബാർ കോഴക്കേസുമായി ബന്ധപ്പെട്ട് ബിജു രമേശ് നൽകിയ 164 സ്റ്റേറ്റ്മെന്റിനോടൊപ്പം ഹാജരാക്കിയ സി.ഡി.യിലും തനിക്കെതിരെ അപകീർത്തികരമായ പരാമർശമുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ സി.ഡി. വ്യാജമെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ബിജു രമേശ് ഇപ്പോൾ നടത്തിയിരിക്കുന്ന പ്രസ്താവന അപകീർത്തികരമാണ്. ഈ പ്രസ്താവന പൂർണമായും പിൻവലിച്ച് മാപ്പു പറയണമെന്ന് വക്കീൽ നോട്ടീസിൽ പറയുന്നു.