കൊല്ലം: നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ ഭീഷണിപ്പെടുത്താൻ കെ.ബി. ഗണേഷ് കുമാർ എം.എൽ.എയുടെ മുൻ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാർ ഉപയോഗിച്ച ഫോണും സിമ്മും ലാപ് ടോപ്പും കണ്ടെത്താൻ പത്തനാപുരത്തെ എം.എൽ.എ ഓഫീസിലും പ്രദീപ് കുമാറിന്റെ കോട്ടത്തലയിലെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തിയെങ്കിലും ഫലമുണ്ടായില്ല. പത്തനാപുരം, കൊട്ടാരക്കര സി.ഐമാരുടെ നേതൃത്വത്തിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടര മുതൽ വൈകിട്ട് ആറര വരെയായിരുന്നു റെയ്ഡ്.
ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രദീപ് കുമാറിന് ഇന്നലെ കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയായിരുന്നു റെയ്ഡ് . കേസിൽ അറസ്റ്റിലായതോടെ, പ്രദീപ് കുമാറിനെ ഓഫീസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് ഗണേഷ് കുമാർ പുറത്താക്കിയിരുന്നു. കേസിലെ സുപ്രധാന തെളിവുകൾ പ്രദീപിന്റെ മൊബൈൽ ഫോണിലാണുള്ളതെന്ന് കോടതിയിൽ പൊലീസ് വെളിപ്പെടുത്തിയിരുന്നു. റെയ്ഡ് നടക്കുമ്പോൾ ഗണേഷ് കുമാർ ഓഫീസിലുണ്ടായിരുന്നില്ല. പ്രദീപ് കുമാറിന്റെ മാതാവും സഹോദരിയുമാണ് കുടുംബ വീട്ടിലുള്ളത്. അവരുടെ മൊഴി രേഖപ്പെടുത്തി അന്വേഷണ സംഘം മടങ്ങി.
സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ
നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണക്കോടതി മാറ്റണമന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. കോടതി മാറ്റം തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് നിയമപരമായ എല്ലാവശങ്ങളും പരിശോധിച്ചല്ലെന്നാണ് സർക്കാരിന്റെ ഹർജിയിലെ വാദം.
ഹൈക്കോടതി വിധി വന്നതോടെ, വിചാരണക്കോടതി നടപടികളുമായി മുന്നോട്ടുപോവുകയാണ്. ഫെബ്രുവരി നാലിനകം വിചാരണ പൂർത്തിയാക്കണമെന്നാണ് സുപ്രീംകോടതി നിർദേശം . വിചാരണ തുടങ്ങുന്നത് സംബന്ധിച്ച് തീരുമാനമറിയിക്കാൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർക്കും വിചാരണ കോടതി നൽകിയ അവസാന തീയതി ഇന്നാണ് . കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജി വച്ചിരുന്നു.
നടിയെ ആക്രമിച്ച കേസ്: പ്രദീപ് കുമാറിന് ജാമ്യം
കാസർകോട്: നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായ കെ.ബി. ഗണേശ്കുമാർ എം.എൽ.എയുടെ പി.എ ബി. പ്രദീപ് കുമാർ കോട്ടാത്തലയ്ക്ക് ഹൊസ്ദുർഗ് ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കാസർകോട് ജില്ലയിൽ പ്രവേശിക്കരുതെന്നതടക്കമുള്ള വ്യവസ്ഥയിലാണ് ജാമ്യം.
പ്രദീപിന് ഉന്നതരുമായി ബന്ധമുണ്ടെന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കാൻ സാദ്ധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. നടിയെ അക്രമിച്ച കേസിലെ സാക്ഷിയായ ബേക്കൽ മലാംകുന്നിലെ വിപിൻലാലിനെ ഭീഷണിപ്പെടുത്തിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.
നാല് ദിവസം കസ്റ്റഡിയിലും ഒരുതവണ പ്രത്യേകം വിളിപ്പിച്ചും മൊഴിയെടുത്തുവെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ജാമ്യം കിട്ടിയാൽ കാസർകോട് ജില്ലയിലേക്ക് വരില്ലെന്ന് ഉറപ്പുനൽകാമെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്നാണ് ജാമ്യം അനുവദിച്ചത്.