ചേളന്നൂർ: വോട്ട് പിടിക്കാൻ നാടുനീളെ ഓടേണ്ട നേരത്ത് സ്ഥാനാർത്ഥി ചുമരെഴുത്തിന്റെ തിരക്കിലാണ്. ചേളന്നൂർ ഗ്രാമപഞ്ചായത്തിൽ ഇച്ചന്നൂർ ഒന്നാം വാർഡിൽ നിന്ന് കന്നിയങ്കത്തിനിറങ്ങുന്ന പ്രകാശൻമാസ്റ്ററാണ് സ്വന്തം പ്രചാരണബോർഡുകൾ എഴുതി പ്രചാരണം കൊഴുപ്പിക്കുന്നത്. മാതൃശാല എ.യു.പി സ്കൂളിലെ അദ്ധ്യാപകനായ ഇ.എം.പ്രകാശൻ മാസ്റ്റർ കലാ-സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യമാണ്. കെ.എസ്.ടി.എ കോഴിക്കോട് ജില്ലാ എക്സിക്യുട്ടീവ് അംഗം, സി.പി. എം ചേളന്നൂർ വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം, പുരോഗമന കലാ സാഹിത്യ സംഘം ചേളന്നൂർ യൂണിറ്റ് സെക്രട്ടറി, ശാസ്ത്രസാഹിത്യ പരിഷത്ത്, നന്മ എന്നീ സംഘടനകളിലും പ്രവർത്തിക്കുന്നു. നാടൻപാട്ട് കലാകാരൻ, കവിത രചന, ആലാപനം ,പാട്ട് എന്നീ വ്യത്യസ്ത മേഖലകളിൽ വൃക്തിമുദ്ര പതിപ്പിച്ച പ്രകാശൻ മാസ്റ്റർ നീണ്ട 47 വർഷത്തെ യു.ഡി.എഫ് ആധിപത്യം തിരുത്തുമെന്ന ആത്മവിശ്വാസത്തിലാണ്.