തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർ തപാൽ വോട്ടിനായി ഇന്ന് അപേക്ഷ നൽകണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്കരൻ അറിയിച്ചു.
ഇതിനായി വെബ് സൈറ്റിൽ നിന്ന് ഫോറം 15 ഡൗൺലോഡ് ചെയ്തെടുത്ത് വരണാധികാരിക്ക് ഗ്രാമ, ബ്ലോക്ക്, ജില്ലാപഞ്ചായത്തുകളിലേക്ക് പ്രത്യേകം അപേക്ഷകൾ അപേക്ഷ നൽകണം. ത്രിതല പഞ്ചായത്തുകളിലേക്കുള്ള അപേക്ഷകൾ ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ ഒന്നിച്ചാണ് പരിഗണിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ ബാലറ്റ് അയക്കുന്നത് ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിയായിരിക്കും.
ത്രിതല പഞ്ചായത്തുകളിലേക്കുള്ള പോസ്റ്റൽ ബാലറ്റ് പേപ്പറുകളും ഫാറം 16 ലെ സത്യപ്രസ്താവന (മൂന്ന് വീതം), ഫാറം 17 ലെ നിർദ്ദേശങ്ങൾ (ഒന്ന് വീതം), ഫാറം 18,19 എന്നിവയിലെ കവറുകൾ (മൂന്ന് വീതം) എന്നിവ ഒന്നിച്ച് വലിയ കവറിൽ അപേക്ഷകന് നേരിട്ടോ സ്പീഡ് പോസ്റ്റായോ നൽകണം. മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും ഒരോ ബാലറ്റും സത്യപ്രസ്താവനയും കവറുമാണ് ഉണ്ടാവുക. പോസ്റ്റൽ ബാലറ്റുകളുടെ മറുപുറത്ത് വരണാധികാരി പോസ്റ്റൽ ബാലറ്റെന്ന് രേഖപ്പെടുത്തണം. പോസ്റ്റൽ ബാലറ്റയച്ചതിന് ശേഷം വോട്ടർ പട്ടികയുടെ അടയാളപ്പെടുത്തിയ പകർപ്പിൽ 'പി. ബി' എന്നും , വോട്ടർ പട്ടികയിലെ സമ്മതിദായകന്റെ ക്രമനമ്പർ ബാലറ്റ് പേപ്പറിന്റെ കൗണ്ടർ ഫോയിലിലും രേഖപ്പെടുത്തണം.
ഫാറം 18,19 കവറുകളുടെ പുറത്ത് അതാതു തലത്തിലുള്ള വരണാധികാരികളുടെ മേൽവിലാസം രേഖപ്പെടുത്തണം.18ാം നമ്പർ കവറിന് (ചെറിയ കവർ) പുറത്ത് അയക്കുന്ന ബാലറ്റ് പേപ്പറിന്റെ ക്രമനമ്പർ കൂടി രേഖപ്പെടുത്തണം. വോട്ട് രേഖപ്പെടുത്തിയ ശേഷം സത്യപ്രസ്താവന ഒപ്പിട്ട് സാക്ഷ്യപ്പെടുത്തി തപാൽ വഴിയോ ( സ്റ്റാമ്പ് ഒട്ടിക്കേണ്ടതില്ല ) ആൾവശമോ വരണാധികാരിക്ക് എത്തിക്കാം.