ഇരിങ്ങാലക്കുട: ജില്ലാ പഞ്ചായത്തിന്റെ ആളൂർ ഡിവിഷനിൽ ഇക്കുറി പോരാട്ടത്തിന് ചൂടേറെ. എൽ.ഡി.എഫിനു സീറ്റ് നിലനിറുത്തുകയാണ് ലക്ഷ്യമെങ്കിൽ,ഏതുവിധേനയും സീറ്റ് നേടാനുള്ള കരുനീക്കത്തിലാണ് യു.ഡി.എഫ്. വിജയത്തിൽ കുറവൊന്നും പ്രതീക്ഷിക്കാതെയാണ് ബി.ജെ.പി പ്രചാരണം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ കാതറിൻ പോളിനായിരുന്നു വിജയം. ഇക്കുറി പൊയ്യ സ്വദേശിയായ പി.കെ. ഡേവിസ് മാസ്റ്ററാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി.
വിദ്യാർഥിയുവജന പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്കു കടന്നുവന്ന വ്യക്തിയാണ് ഡേവിസ് മാസ്റ്റർ. സി.പി.എം മാള ഏരിയ സെക്രട്ടറിയായി 17 വർഷം പ്രവർത്തിച്ചിട്ടുണ്ട്. പൊയ്യ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, പൊയ്യ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച പരിചയം ഡേവിസ് മാസ്റ്ററിനു കൈമുതലായുണ്ട്. കൂടാതെ 2010-15 കാലയളവിൽ ജില്ലാ പഞ്ചായത്ത് ആളൂർ ഡിവിഷനിൽ നിന്ന് അംഗമായി വിജയിച്ച് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവായിരുന്നു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം, കേരള കർഷക സംഘം ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം, കേരള ഫീഡ്സ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിക്കുന്നുണ്ട്.
അഡ്വ. ഒ.ജെ. ജനീഷാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. കോളേജ് പഠന കാലഘട്ടത്തിൽ കേരള വിദ്യാർത്ഥി യൂണിയനിലൂടെയാണ് പൊതുപ്രവർത്തന രംഗത്തേക്കു കടന്നുവന്നത്. വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തോടൊപ്പം തൃശൂർ ഗവ. ലോ കോളജിൽ നിന്നു ബി.ബി.എ എൽ.എൽ.ബി (ഓണേഴ്സ്) ബിരുദവും, ഗവ. പോളി ടെക്നിക് കോളേജ് പെരുമ്പാവൂരിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും നേടയിട്ടുണ്ട്. കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായിട്ടാണു രാഷ്ട്രീയ രംഗത്തേക്ക് തുടക്കം കുറിക്കുന്നത്.
മാള നിയോജക മണ്ഡലം കെ.എസ്.യു പ്രസിഡന്റ്, കൊടുങ്ങല്ലൂർ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാർത്ഥി സംഘടനാ പ്രവർത്തനകാലത്ത് തന്നെ നെഹ്രു യുവ കേന്ദ്രയുടെ മാള ബ്ലോക്ക് കോ- ഓർഡിനേറ്റർ, കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ കുഴൂർ ഗ്രാമപഞ്ചായത്ത് കോ- ഓർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റായി പ്രവർത്തിച്ചു വരുന്നതിനിടയിലാണ് ജില്ലാ പഞ്ചായത്തിലേക്ക് ആളൂർ ഡിവിഷനിൽ നിന്ന് മത്സരിക്കുവാനുള്ള അവസരം ലഭിച്ചത്.
റിസണാണ് ഡിവിഷനിലെ ബി.ജെ.പി സ്ഥാനാർത്ഥി. പുതുക്കാട് ചെവിടൻ കുടുംബത്തിലെ അംഗമാണ്. കഴിഞ്ഞ 25 വർഷമായി ബി.ജെ.പി അംഗമാണ്. ബി.ജെ.പി പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ്, നിയോജക മണ്ഡലം സെക്രട്ടറി, ന്യൂനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ബി.ജെ.പിയുടെ സംസ്ഥാന കൗൺസിൽ അംഗമാണ്.
58 വാർഡുകളാണ് ഈ ഡിവിഷനിലുള്ളത്. ആളൂർ, പുത്തൻചിറ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങൾ പൂർണമായും, വേളൂക്കര പഞ്ചായത്തിലെ 11 വാർഡുകളും,മാള ഗ്രാമപഞ്ചായത്തിലെ നാലു വാർഡുകളും, വെള്ളാങ്കല്ലൂർ പഞ്ചായത്തിലെ അഞ്ചു വാർഡുകളും ചേർന്നതാണ് ആളൂർ ഡിവിഷൻ.