തിരുവനന്തപുരം: അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ആഡംബര ബസ് ഓപ്പറേറ്റർമാർക്ക് ആശ്വാസമായി കേന്ദ്രസർക്കാർ ഉത്തരവ്. അഗ്രഗേറ്റർ ലൈസൻസ് എടുത്താൽ ഇനി ഏത് റൂട്ടിലും ടിക്കറ്റ് നൽകി സ്വകാര്യ ബസുകാർക്ക് യാത്രക്കാരെ കൊണ്ടുപോകാമെന്ന് കേന്ദ്ര സർക്കാർ ഉത്തരവിലുണ്ട്. ഓൺലൈൻ വാടക ഈടാക്കി ഏത് തരം വാഹനവും ടാക്സിയായി ഓടിക്കാനും ഇനി സാധിക്കും. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കി. ഈ നിയമത്തിന് അനുസൃതമായി സംസ്ഥാനങ്ങളും ഉത്തരവിറക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. ഇതോടെ ഇനി വലിയ ബസ് കമ്പനികൾക്ക് പെർമിറ്റില്ലാതെ തന്നെ ഏത് റൂട്ടിലും ബസോടിക്കാൻ സാധിക്കും.
ഓൺലൈൻ ടാക്സികളെ നിയന്ത്രിക്കാൻ നിയമ നിർമ്മാണത്തിനുളള കേന്ദ്ര നടപടിയിലാണ് പുതിയ തീരുമാനം. ഓൺലൈനിൽ വാടക ഈടാക്കി ഏത് വാഹനവും ഇനി ഓടിക്കാം. നിലവിലെ കെ.എസ്.ആർ.ടി.സി ഉൾപ്പടെ പൊതുമേഖലാ റോഡ് ഗതാഗത സംവിധാനങ്ങൾക്കെല്ലാം ഈ ഉത്തരവ് വലിയ തിരിച്ചടിയാണ് . ഇപ്പോൾ സ്വകാര്യ ബസ് ഓപ്പറേറ്റർമാർ ഉപയോഗിക്കുന്ന ടിക്കറ്റ് ബുക്കിംഗിനുളള ആപ്പുകളും സംവിധാനങ്ങളും ഇതോടെ നിയമവിധേയമായി. സ്വകാര്യ ബസുകളിലെ ജീവനക്കാർക്കും ഡ്രൈവർമാർക്കും ആരോഗ്യ പരിശോധന, ഇൻഷുറൻസ്, വാഹന പരിശീലനം എന്നിവയും ഇനി നിർബന്ധമാണ്.
സ്വകാര്യ ബസുകൾക്ക് അഞ്ച് വർഷത്തേക്ക് അഗ്രഗേറ്റർ ലൈസൻസ് ഫീസ് അഞ്ച് ലക്ഷം രൂപയാണ്. 100 ബസുകളും 1000 മറ്റ് വാഹനങ്ങളുമുളള കമ്പനികൾ സെക്യൂരിറ്റി ഡെപ്പോസിറ്റായി ഒരു ലക്ഷം രൂപ നൽകണം. ഇതിന് ലൈസൻസ് നൽകുന്നത് സംസ്ഥാന സർക്കാരോ, അവർ ചുമതലപ്പെടുത്തിയ ഏജൻസികളോ ആകും. ഇനി സംസ്ഥാന സർക്കാർ അനുമതിയുണ്ടെങ്കിൽ സ്വകാര്യ വാഹനങ്ങളും യാത്രക്കാരെ കൊണ്ടുപോകാൻ ഉപയോഗിക്കാം. നിലവിൽ കോൺട്രാക്ട് കാര്യേജ് പെർമിറ്റുളള ബസുകൾ ടിക്കറ്റ് നൽകി യാത്രക്കാരെ കൊണ്ടുപോകുന്നത് മോട്ടോർ വാഹന വകുപ്പ് പിടികൂടി പിഴ ഈടാക്കുകയാണ് ചെയ്യാറ്. ഇതാണ് ഇപ്പോൾ നിയമ വിധേയമായിരിക്കുന്നത്.