ബീജിംഗ്: ചൈനയുടെ ചാങ് 5 പേടകം ചന്ദ്രനിലിറങ്ങി. ഇന്ത്യൻ സമയം ചൊവ്വാഴ്ച രാത്രി 8.28 മുതൽ ചന്ദ്രോപരിതലത്തിലേക്കുള്ള ഇറക്കം ആരംഭിച്ചു. 8.55 ന് തന്നെ ലാൻഡിംഗ് നടന്നുവെന്നാണ് റിപ്പോർട്ട്. തുടർന്ന് 10.45 ന് പേടകത്തിലെ സംവിധാനം ഉപയോഗിച്ച് ചന്ദ്രോപരിതലത്തിൽ ഖനനം തുടങ്ങിയെന്നും വേണ്ട സാംപിളുകൾ ശേഖരിച്ച് തിരിച്ച് ഓർബിറ്ററിലേക്ക് തന്നെ ടേക്ക് ഓഫ് ചെയ്യുമെന്നുമാണ് വിവരം. ചാങ് 5 ചന്ദ്രനിൽ ഇറങ്ങിയതായി ചൈന നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷൻ അറിയിച്ചു. ലാൻഡിംഗിന്റെ നിഴൽ കാണാനാകുന്ന ഇടം ഉൾപ്പെടെ ലാൻഡിംഗ് സൈറ്റിന്റെ ചിത്രങ്ങൾ ചൈനീസ് ബഹിരാകാശ ഏജൻസി പുറത്തുവിട്ടു.
1970 കൾക്ക് ശേഷം ആദ്യമായാണ് ഒരു ബഹിരാകാശവാഹനം ചന്ദ്രനിൽ നിന്ന് പാറകൾ ഭൂമിയിലേക്ക് കൊണ്ടുവരുന്നത്. ഹെയ്നാൻ പ്രവിശ്യയിലെ വെൻചാംഗ് ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് നവംബർ 24നാണ് പേടകം വിക്ഷേപിച്ചത്. തിങ്കളാഴ്ച, ബീജിംഗ് സമയം പുലർച്ചെ 4.40 ഓടെയാണ് ബഹിരാകാശ പേടകത്തിലെ ഓർബിറ്ററിൽ നിന്ന് ലാൻഡർ വേർപെട്ടത്. ചൈനീസ് ചാന്ദ്ര ദേവതയുടെ പേരാണ് ദൗത്യത്തിന് നൽകിയിരിക്കുന്നത്. ചന്ദ്രനിലേക്കുള്ള ചൈനയുടെ റോബോട്ടിക് ദൗത്യമാണിത്. ബഹിരാകാശ പേടകം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെന്നും ഭൂമിയിലെ നിയന്ത്രണ സംവിധാനങ്ങളുമായി ആശയവിനിമയം സാധാരണമാണെന്നും സി.എൻ.എസ്.എ പറഞ്ഞു.
ചന്ദ്രനിലിറങ്ങുന്ന ചൈനീസ് പേടകം ഏതാണ്ട് ഏഴ് അടി വരെ ആഴത്തിൽ കുഴിച്ചാണ് പാറക്കല്ലുകളും മണ്ണും മറ്റും ശേഖരിക്കുന്നത്. ഇത്തരത്തിൽ ശേഖരിക്കുന്ന വസ്തുക്കൾ പിന്നീട് ഭൂമിയിലേക്ക് എത്തിക്കുന്നതോടെ ദൗത്യം അവസാനിക്കും.
ദൗത്യം വിജയിച്ചാൽ അമേരിക്കക്കും യു.എസ്.എസ്.ആറിനും ശേഷം ചന്ദ്രനിൽ നിന്നും സാമ്പിളുകൾ ശേഖരിക്കുന്ന മൂന്നാമത്തെ രാഷ്ട്രമായി ചൈന മാറും. നാസയുമായും രാജ്യാന്തര ബഹിരാകാശ നിലയവുമായും ചൈനയെ സഹകരിപ്പിക്കാൻ അമേരിക്ക തയാറായിട്ടില്ല. നിയമം മൂലമുള്ള ഈ നിയന്ത്രണങ്ങളെ മറികടക്കാൻ സ്വന്തമായി ബഹിരാകാശ നിലയം നിർമ്മിക്കാനുള്ള ചൈനയുടെ ശ്രമങ്ങൾ അവസാന ഘട്ടത്തിലാണ്. ഏഷ്യയിൽ ജപ്പാനും ഇന്ത്യയുമാണ് ബഹിരാകാശ രംഗത്തെ ചൈനയുടെ പ്രധാന വെല്ലുവിളി.