നെടുമ്പാശേരി: അർഹതയുണ്ടായാലും പിന്തള്ളപ്പെടുന്നചരിത്രമാണ് പലപ്പോഴും രാഷ്ട്രീയത്തിലുള്ളത്. എന്നാൽ കാൽനടയ്ക്ക് പോലും പരസഹായം ആവശ്യമുള്ള ഫ്രാൻസിസ് തറയിൽ പൊതുപ്രവർത്തന ജീവിതം അർഹതയുടെ അംഗീകാരമാണ്. പാറക്കടവ് ബ്ളോക്ക് പഞ്ചായത്ത് കുത്തിയതോട് ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയാണ് നോർത്ത് കുത്തിയതോട് സ്വദേശിയായ ഫ്രാൻസിസ് തറയിൽ.
കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു ഫ്രാൻസിസ്. 2010-15 വർഷം ബ്ളോക്ക് പഞ്ചായത്തംഗമായിരുന്നു. 2000ത്തിന് ശേഷമാണ് ഫ്രാൻസിസിന് കാലിൽ ബലക്കുറവ് അനുഭവപ്പെട്ടത്. ചെറിയകല്ലിൽ തട്ടിയാലും വീഴുന്ന അവസ്ഥ. പല ആശുപത്രികളിലും കയറിയിറങ്ങിയെങ്കിലും രോഗം കണ്ടുപിടിക്കാനായില്ല. ഒടുവിൽ എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ രോഗം സ്ഥിരീകരിച്ചു. മസിൽ ചുരുങ്ങുന്ന അപൂർവ രോഗാവസ്ഥ. വേദനയോ മറ്റൊന്നുമില്ല. നടക്കണമെങ്കിൽ ആരുടെയെങ്കിലും താങ്ങുവേണം. ചുരുങ്ങിയപക്ഷം ബലമുള്ള കാലൻകുടയെങ്കിലും വേണം. ആത്മാർത്ഥ സുഹൃത്തുക്കളുണ്ടായാൽ ഒന്നിനും തടസമില്ലെന്ന് ഫ്രാൻസിസ് പറയുന്നു.
ഫ്രാൻസിസ് തറയിൽ പ്രസിഡന്റായിരിക്കെ കുന്നുകരയെ മികച്ച ഗ്രാമപഞ്ചായത്താക്കി മാറ്റിയത് ചരിത്രമാണ്. ലൈഫ് മിഷൻ പദ്ധതി നടപ്പാക്കിയതിന് ജില്ലാതലത്തിൽ അംഗീകാരം, മികച്ച പഞ്ചായത്ത് പ്രസിഡന്റിനുള്ള സംസ്ഥാന പുരസ്കാരം, കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് ദേശീയ അവാർഡ് തുടങ്ങിയവയും നേടി.
54 കാരനായ ഫ്രാൻസിസ് തറയിൽ യൂത്ത് കോൺഗ്രസിലൂടെയാണ് പൊതുപ്രവർത്തനം ആരംഭിച്ചത്. യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും കുന്നുകര മണ്ഡലം പ്രസിഡന്റായി. പിന്നീട് കരുമാല്ലൂർ ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റുമായി. തിരഞ്ഞെടുപ്പിൽ നാല് വട്ടം മത്സരിച്ചപ്പോൾ ഒരു വട്ടം മാത്രമാണ് തോൽവിയറിഞ്ഞത്. ഭാര്യ: നിമ്മി. രണ്ട് പെൺമക്കളുണ്ട്.