കഞ്ചാവിന്റെ ഔഷധ ഗുണത്തിന് ഐക്യരാഷ്ട്രസഭ അംഗീകാരം നല്‍കിയിരിക്കുകയാണ്. ഹെറോയിന്‍ ഉള്‍പ്പെടെയുള്ള അതിമാരക ലഹരിമരുന്നുകളുടെ പട്ടികയില്‍ നിന്നും നീക്കിയാണ് കഞ്ചാവിന്റെ ഔഷധ ഗുണത്തിന് അംഗീകാരം നല്‍കിയിരിക്കുന്നത്. വോട്ടെടുപ്പില്‍ പങ്കെടുത്ത 52 രാജ്യങ്ങളില്‍ 27 എണ്ണവും കഞ്ചാവിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
കഞ്ചാവ് നിരോധനത്തിന്റെ ചരിത്രം
ഏഷ്യന്‍ ഭൂഖണ്ഡത്തിലാണ് കഞ്ചാവ് ചെടികള്‍ ഏറ്റവും അധികമായി കാണപ്പെടുന്നത്. ലാറ്റിന്‍ ഭാഷയില്‍ നിന്നാണ് കാനബിസ് എന്ന വാക്കിന്റെ ഉത്ഭവം. കഞ്ചാവിനെ ഗുരുതരമായ ലഹരിമരുന്നുകളുടെ പട്ടികയില്‍പെടുത്തിയ 1961 ലെ തീരുമാനം ശാസ്ത്രീയ അടിത്തറയില്ലാത്തതും കൊളോണിയല്‍, വംശീയ മുന്‍വിധികളുടെ അടിസ്ഥാനത്തിലായിരുന്നുവെന്നും ഇന്റര്‍നാഷ്ണല്‍ ഡ്രഗ് പോളിസി കണ്‍സോര്‍ഷ്യം എക്സിക്യൂട്ടീവ് ഡയറക്ടര്‍ അന്ന ഫോര്‍ദം പറഞ്ഞു. ഈ തീരുമാനമെടുത്ത ശേഷം അനേകായിരങ്ങളെ ക്രിമിനലുകളായി കണ്ട് ജയിലുകളില്‍ അടച്ചുവെന്നും അന്ന പറഞ്ഞു. അമ്പതോളം രാജ്യങ്ങളാണ് നിലവില്‍ ലോകത്ത് ചികിത്സയ്ക്കായി കഞ്ചാവ് ഉപയോഗിക്കുന്നത്. കാനഡ, ഉറുഗ്വേ രാജ്യങ്ങളിലും അമേരിക്കയിലെ 15 സംസ്ഥാനങ്ങളിലും കഞ്ചാവ് ഉപയോഗിക്കാന്‍ അനുമതിയുണ്ട്.
കഞ്ചാവ് നിരോധനം ഇന്ത്യയില്‍
1985 വരെ കഞ്ചാവിന്റെ ഉപയോഗം ഇന്ത്യയില്‍ നിയമപരമായി നിരോധിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ 1961 മുതല്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ മയക്കുമുരുന്ന് നിരോധനത്തിനായുള്ള മുറവിളി ഉയര്‍ന്നു തുടങ്ങിയിരുന്നു. ഇന്ത്യയുടെ സാംസ്കാരിക ചരിത്രത്തില്‍ കഞ്ചാവിന് പ്രാധാന്യം ഉണ്ടായിരുന്നതിനാല്‍ കഞ്ചാവ് ഉപയോഗിക്കുന്നതിന് ഇന്ത്യയില്‍ നിയന്ത്രണങ്ങള്‍ ഇല്ലായിരുന്നു.
എന്നാല്‍ രാജീവ് ഗാന്ധി ഭരണത്തിലിരിക്കെ കഞ്ചാവിന്റെ ഉപയോഗം ഇന്ത്യയില്‍ നിരോധിക്കപ്പെട്ടു. അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയായിരുന്നു ഇത്. 1985 സെപ്തംബര്‍ 16-ന് ലോകസഭ പാസാക്കിയ നാര്‍കോടിക് ഡ്രഗ്സ് ആന്‍ഡ് സൈകോട്രോപിക് സബ്സ്റ്റന്‍സസ് ആക്റ്റ് പ്രകാരമാണ് ഇന്ത്യയില്‍ കഞ്ചാവിന്റെ ഉപയോഗം നിയന്ത്രിക്കപ്പെട്ടത്.
'ഐക്യരാഷ്ട്ര സഭയുടെ തീരുമാനം സ്വാഗതാര്‍ഹം'
ഐക്യരാഷ്ട്രസഭയുടെ തീരുമാനം സ്വാഗതാര്‍ഹമാണെന്നും ഔഷധങ്ങളുടെ നിയമപരമായ വിപണനത്തിന് ഇത് വഴിയൊരുക്കുമെന്നും കഞ്ചാവ് നിയമവിധേയമാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. കാലഹരണപ്പെട്ട ലഹരി നിയമങ്ങള്‍ മാറ്റേണ്ടതുണ്ടെന്ന് ബ്രിട്ടനിലെ ട്രാന്‍സ്ഫോം ഡ്രഗ് പോളിസി ഫൗണ്ടേഷന് അംഗം സ്റ്റീവ് റോള്‍സ് പറഞ്ഞു. പുതിയ തീരുമാനം ഒരു നാഴികക്കല്ലാണെന്ന് കനേഡിയന്‍ കഞ്ചാവ് ഉത്പാദന കമ്പനിയായ കനോപ്പി ഗ്രോത്തിന്റെ വൈസ് പ്രസിഡന്റ് ഡെറിക് വ്യക്തമാക്കി. കൂടുതല്‍ രോഗികള്‍ക്ക് ചികിത്സ ഒരുക്കുന്നതിന് ഇത് സഹായിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.