കൊച്ചി: സൈക്കിൾ യാത്രക്കാരനെ പെട്ടി ഓട്ടോറിക്ഷ ഇടിപ്പിച്ച് വീഴ്ത്തിയശേഷം കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അച്ഛനും മകനും അറസ്റ്റിൽ. എളംകുളം കോർപ്പറേഷൻ കോളനിയിൽ താമസിക്കുന്ന സുധീഷ്, മകൻ സുമേഷ് എന്നിവരാണ് പിടിയിലായത്. 29ന് വൈകിട്ട് എളംകുളത്ത് വച്ചായിരുന്നു ആക്രമണം.
പ്രതികൾ ഓടിച്ചിരുന്ന പെട്ടി ഓട്ടോറിക്ഷയിൽ സൈക്കിൾ തട്ടിയിരുന്നു. മദ്യലഹരിയിലായിരുന്ന പ്രതികൾ സൈക്കിൾ യാത്രക്കാരനെ ഓട്ടോറിക്ഷ ഇടിപ്പിച്ച് വീഴ്ത്തി. കടന്നുകളയാൻ ശ്രമിച്ച ഇരുവരെയും തടയുന്നതിനിടെ ദേഹോദ്രവം ഏൽപ്പിച്ചു. തുടർന്ന് വണ്ടി ഇടിപ്പിച്ച് 300 മീറ്ററോളം വലിച്ചുകൊണ്ടുപോയി. പിന്നീട് വാഹനത്തിൽനിന്ന് തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചുവെന്നാണ് പരാതി. കാപ്പ ചുമത്തിയിട്ടുള്ള സുമേഷിന് സൗത്ത് സ്റ്റേഷനിൽ മയക്കുമരുന്ന്, അടിപിടി, മോഷണ കേസുകളുണ്ട്. സുധീഷിനും നേരത്തെ കേസുകളുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സൗത്ത് പൊലീസ് ഇൻസ്പെക്ടർ രാജ്കുമാർ, എസ്.ഐ എ.വിനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.