കോട്ടയം : തദ്ദേശതിരഞ്ഞെടുപ്പ് വോട്ടെടുപ്പിന് ഇനി അഞ്ചു ദിവസം മാത്രം ശേഷിക്കുമ്പോഴും കൊവിഡിൽ തണുത്തുറഞ്ഞ് പ്രചാരണരംഗം. കൊവിഡ് വ്യാപന ഭീതിയിൽ വോട്ടർമാർ നിസംഗത കാണിക്കുന്നതാണ് ആവേശക്കുറവിന് കാരണമായി സ്ഥാനാർത്ഥികളുടെ വിലയിരുത്തൽ. വോട്ടർമാരിലും പ്രവർത്തകരിലും ആവേശം പകരുന്ന പ്രകടനമോ പൊതുയോഗമോ കൊട്ടിക്കലാശമോ ഇല്ലാതെ ഓൺലൈനിന് പ്രാധാന്യം നൽകിയുള്ള ആദ്യ തിരഞ്ഞെടുപ്പിൽ പ്രചാരണരംഗം എങ്ങനെ ഇനിയും ചൂടുപിടിപ്പിക്കുമെന്നറിയാനാവാതെ നിൽക്കുകയാണ് മുന്നണികൾ.
നേതാക്കന്മാർ നേരിട്ടിറങ്ങാതെ ഇടത്
ഇടതുമുന്നണി നേതാക്കൾ ആരും പ്രചാരണയോഗങ്ങളിൽ പങ്കെടുക്കാത്ത ആദ്യ തിരഞ്ഞെടുപ്പാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, ഇടതുമുന്നണി കൺവീനർ വിജയരാഘവൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മറ്റു ഘടകകക്ഷി നേതാക്കൾ ആരും കോട്ടയത്ത് പ്രചാരണത്തിന് എത്തിയിട്ടില്ല. ഓൺലൈൻ പ്രചാരണത്തിനാണ് പ്രാമുഖ്യം. ഇത് കുടുംബയോഗങ്ങളിലും മറ്റും ബിഗ് സ്കീനിൽ പ്രദർശിപ്പിക്കും.
'കോട്ട" യം കാക്കാൻ യു.ഡി.എഫ്
കേരളകോൺഗ്രസ് ജോസ് വിഭാഗം മുന്നണി വിട്ടതോടെ കോട്ടയം നഷ്ടപ്പെടാതിരിക്കാനുള്ള പ്രചാരണ പ്രവർത്തനമാണ് യു.ഡി.എഫ് നടത്തുന്നത്. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി കുടുംബയോഗങ്ങളിൽ വരെ പങ്കെടുക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ അടക്കം നേതാക്കൾ ഇതിനകം കോട്ടയത്തെത്തി. കോട്ടയം നഗരസഭയിലെ പ്രചാരണ പ്രവർത്തനത്തിന് തിരുവഞ്ചൂർ രാധാകൃഷ്ണൻ നേതൃത്വം നൽകുന്നു.
എൻ.ഡി.യ്ക്കായി നേതാക്കളുടെ പട
എൻ.ഡി.എ സ്ഥാനാർത്ഥികൾക്കായി കേന്ദ്രമന്ത്രി വി.മുരളീധരൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ, തുഷാർ വെള്ളാപ്പള്ളി തുടങ്ങിയ നേതാക്കൾ പ്രചാരണം കൊഴുപ്പിക്കാനെത്തി.
ബലാബല പരീക്ഷണം
കേരളകോൺഗ്രസ് ജോസും ജോസഫുമായി പിരിഞ്ഞ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് തങ്ങളുടെ ശക്തി തെളിയിക്കുന്നതിനുള്ള പരീക്ഷണ വേദിയാക്കുകയാണ് ഇരുവിഭാഗവും. തങ്ങളുടെ ശക്തി കേന്ദ്രങ്ങൾ എങ്ങനെയും നിലനിറുത്തുന്നതിനുള്ള പ്രചാരണത്തിന് ജോസ് കെ മാണി നേതൃത്വം നൽകുമ്പോൾ ജോസ് തട്ടകമായ കോട്ടയത്ത് കരുത്ത് തെളിയിക്കേണ്ടത് പ്രസ്റ്റീജായി കണ്ട് ജോസഫും കളത്തിലുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ കരുത്ത് തെളിയിക്കുന്നത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റിന് അവകാശമുന്നയിക്കാൻ കഴിയുമെന്നതിനാൽ ജോസ് വിഭാഗം മോൻസ് ജോസഫിന്റെ കടുത്തുരുത്തിയിൽ സ്വാധീനം തെളിയിക്കാൻ ജോസ് വിഭാഗം ശ്രമിക്കുകയാണ്. കുര്യാക്കോസ് പടവനെ മുന്നിൽ നിറുത്തി പാലാ നഗരസഭ പിടിച്ചെടുത്ത് ജോസിന് പ്രഹരമേൽപ്പിക്കാൻ ജോസഫ് വിഭാഗം ശക്തമായി രംഗത്തുണ്ട്.