കാട്ടാക്കട:കലഹത്തിനിടയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഗൃഹനാഥൻ നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
കുറ്റിച്ചൽ എരുമക്കുഴി താന്നിമൂട് അജിത് ഭവനിൽ പദ്മാക്ഷിയാണ് (53) കൊല്ലപ്പെട്ടത്. ഭർത്താവ് ഗോപാലകൃഷ്ണനാണ് (67) കീഴടങ്ങിയത്.
ഇന്നലെ ഉച്ചയ്ക്ക് 12.30നായിരുന്നു കൊലപാതകം. ചോരപുരണ്ട വസ്ത്രംപോലും മാറാതെ ഗോപാലകൃഷ്ണൻ സ്വന്തം
ബൈക്കിൽ നേരെ കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഗോപാലകൃഷ്ണൻ റബർ ടാപ്പിംഗ് തൊഴിലാളിയും പദ്മാക്ഷി തൊഴിലുറപ്പ് തൊഴിലാളിയുമാണ്.
ഉച്ചയ്ക്ക് മഴതുടങ്ങിയ സമയത്ത് അലർച്ച കേട്ടിരുന്നതായി സമീപവാസികൾ പറയുന്നു. ഒരു മണിയോടെ ഗോപാലകൃഷ്ണൻ രക്തം പുരണ്ട വസ്ത്രം ധരിച്ച് ബൈക്കിൽ പോകുന്നത് സമീപവാസികൾ കണ്ടു. അയൽവാസി ഫോണിൽ മകനെ വിവരം അറിയിച്ചു. ഭാര്യയെയും കൂട്ടി അവരുടെ വീട്ടിൽ പോയിരുന്ന മകൻ എത്തി വീടുതുറന്നപ്പോഴാണ് അടുക്കളയിൽ രക്തം വാർന്ന് മരിച്ചുകിടക്കുന്ന അമ്മയെ കണ്ടത്. കഴുത്തിൽ മൂന്നു വെട്ടുകൾ ഏറ്റ മുറിവുണ്ട്. വലതുകൈയിൽ മുറിവേറ്റ നിലയിലാണ് ഗോപാലകൃഷ്ണൻ പൊലീസ് സ്റ്റേഷനിൽ എത്തിയത്.
പ്രതി എത്തിയത് കാട്ടാക്കട പൊലീസ് സ്റ്റേഷനിലാണെങ്കിലും സംഭവം നടന്നത് നെയ്യാർ ഡാം സ്റ്റേഷന്റെ പരിധിയിലായതിനാൽ
അവിടെ നിന്ന് ഇൻസ്പെക്ടർ രഞ്ചിത് കുമാർ,എസ്.ഐ. സാജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി നടപടികൾ സ്വീകരിച്ചു. ഫോറൻസിക് വിഭാഗവും എത്തി.
കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പ്രതിയെ ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നും സ്ഥലത്തെത്തിയ നെടുമങ്ങാട് ഡിവൈ.എസ്.പി ഉമേഷ് കുമാർ അറിയിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മക്കൾ:അജിത്,അജിത.മരുമക്കൾ:അരുണ,റോബർട്ട് രാജ്.