സഹോദരങ്ങൾ തമ്മിലുള്ള സ്വത്ത് തർക്കത്തിന് ആയുധമാക്കരുത്
കൊച്ചി: മുതിർന്ന പൗരന്മാർക്ക് സുരക്ഷിതവും സമാധാനപരവും മാന്യവുമായി ജീവിക്കുന്നതിന് ആവശ്യമെങ്കിൽ , മക്കളെ വീട്ടിൽ നിന്ന് ഒഴിപ്പിക്കാൻ സീനിയർ സിറ്റിസൺസ് വെൽഫെയർ ആക്ട് പ്രകാരം ജില്ലാ കളക്ടർക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതീവ ജാഗ്രതയോടെ മാത്രമേ ഇൗ വ്യവസ്ഥ നടപ്പാക്കാവൂ.. സഹോദരങ്ങൾ തമ്മിലുള്ള സ്വത്ത് തർക്കത്തിന് ഇത് ആയുധമാക്കരുതെന്നും സിംഗിൾബെഞ്ച് നിർദ്ദേശിച്ചു.
തനിക്കു മാന്യവും സമാധാനപരവുമായി ജീവിക്കാൻ വീടിന്റെ മുകളിലെ നിലയിൽ താമസിക്കുന്ന മകനെയും കുടുംബത്തെയും ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ഇടപ്പള്ളി സ്വദേശിയായ 80 കാരൻ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്..മുകളിലെ നിലയിൽ നിന്ന് മകനെ ഒഴിപ്പിക്കേണ്ടതില്ലെന്നായിരുന്നു നേരത്തേ എറണാകുളം ജില്ലാ കളക്ടറുടെ തീർപ്പ്.മാസം തോറും മകൻ പരാതിക്കാരന് 5000 രൂപ ചെലവിനു നൽകാനും കഴിഞ്ഞ മാർച്ച് 12 ലെ ഉത്തരവിൽ കളക്ടർ നിർദ്ദേശിച്ചു. ഇതിനെതിരെയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. സീനിയർ സിറ്റിസൺസ് വെൽഫെയർ ആക്ട് പ്രകാരം തന്നെ വീട്ടിൽ നിന്ന് ഒഴിപ്പിക്കാൻ കഴിയില്ലെന്ന മകന്റെ വാദം തള്ളിയ ഹൈക്കോടതി, കളക്ടറുടെ ഉത്തരവ് റദ്ദാക്കി.കക്ഷികളെ വീണ്ടും കേട്ട് വിഷയം പുന:പരിശോധിച്ച് തീർപ്പു കല്പിക്കാനും കളക്ടർക്ക് നിർദ്ദേശം നൽകി.