തിരുവനന്തപുരം: സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്കാണ് സ്വപ്നയെ അട്ടക്കുളങ്ങര ജയിലിൽ നിന്ന് ആശുപത്രിയിൽ എത്തിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭ്യമായ വിവരം. എന്നാൽ തലകറക്കം കുറവില്ലെന്ന് സ്വപ്ന പറയുന്നതിനാൽ ആശുപത്രിയിലെ സെൽവാർഡിൽ അഡ്മിറ്റാക്കി. വിശദമായ പരിശോധനയ്ക്ക് ശേഷം തുടർനടപടികൾ ആലോചിക്കുമെന്നാണ് വിവരം. സ്വപ്ന വിയ്യൂർ ജയിലിൽ കഴിഞ്ഞിരുന്നപ്പോഴും ഇത്തരത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നെഞ്ചുവേദനയെ തുടർന്നാണ് അന്ന് തൃശൂർ മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് സ്വപ്ന നഴ്സിന്റെ ഫോൺ ഉപയോഗിച്ചതും പ്രമുഖർ ആശുപത്രി സന്ദർശിച്ചതും വിവാദമായിരുന്നു.