SignIn
Kerala Kaumudi Online
Saturday, 17 April 2021 4.42 AM IST

വാളയാർ കേസ്: തുടരന്വേഷണത്തിന് സി.ബി.ഐ വന്നേക്കും

walayar

തിരുവനന്തപുരം: പൊലീസിന്റെയും പ്രോസിക്യൂഷന്റെയും ഗുരുതരവീഴ്ച കാരണം അട്ടിമറിക്കപ്പെട്ട വാളയാർ കേസിൽ, സി.ബി.ഐയുടെ തുടരന്വേഷണത്തിന് സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകും. പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനോട് നടപടികൾക്ക് നിർദ്ദേശിച്ചു.

നിലവിലെ വിചാരണ റദ്ദാക്കിയ ഹൈക്കോടതി, തുടരന്വേഷണത്തിന് പ്രോസിക്യൂഷൻ അപേക്ഷ നൽകിയാൽ പരിഗണിക്കണമെന്ന് വിചാരണക്കോടതിയോട് നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടാൻ വിചാരണക്കോടതിയായ പാലക്കാട് സെഷൻസ് കോടതിക്ക് അധികാരമില്ല. നേരത്തേ, പാലക്കാട്ടെ വെടിവയ്പ് കേസിൽ സി.ബി.ഐയുടെ തുടരന്വേഷണത്തിനുള്ള സെഷൻസ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. പൊലീസിന്റെ തുടരന്വേഷണത്തിൽ വിശ്വാസമില്ലാത്തതിനാൽ, സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുട്ടികളുടെ കുടുംബവും ഹൈക്കോടതിയിലെത്തും.

കേസിൽ, പൊലീസിന്റെ തുടരന്വേഷണം കൊണ്ട് കാര്യമില്ലെന്ന് സർക്കാരിന് ഹൈക്കോടതിയിൽ ബോധിപ്പിക്കേണ്ടി വരും. ക്രിമിനൽ നടപടിച്ചട്ടം 173(8)പ്രകാരം തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടാൽ സി.ബി.ഐക്ക് അന്വേഷണം ഏറ്റെടുത്തേ പറ്റൂ. സി.ബി.ഐയുടെ തുടരന്വേഷണത്തിന് സാദ്ധ്യതയുണ്ടെന്ന് നിയമ സെക്രട്ടറി പി.കെ. അരവിന്ദബാബു കേരളകൗമുദിയോട് പറഞ്ഞു.

വിചാരണാവേളയിൽ 53 സാക്ഷികളിൽ 28പേരെ മാത്രമാണ് വിസ്തരിച്ചത്. പ്രധാനപ്പെട്ട സാക്ഷികളെ കൃത്യമായ കാരണം പറയാതെ ഒഴിവാക്കി. ഒരു പ്രതിയുടെ പേര് പെൺകുട്ടി പറഞ്ഞെന്ന സാക്ഷിമൊഴി കണക്കിലെടുത്തില്ല. ഇതു പെൺകുട്ടിയുടെ മരണമൊഴിക്കു തുല്യമായിരുന്നു. ഇളയകുട്ടിയുടെ വലതുഭാഗത്തെ കക്ഷത്തിന് ചുറ്റുമായി മുറിപ്പാടുണ്ടെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിലുണ്ടെങ്കിലും ഇതേപ്പറ്റി പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടുകളിൽ പരാമർശിക്കുന്നില്ല. മൂന്നുമീറ്റർ ഉയരത്തിൽ തുണി കെട്ടിയാണ് ഇളയകുട്ടി തൂങ്ങി മരിച്ചതെന്നാണ് പൊലീസ് വാദം. പക്ഷേ, 132സെന്റിമീറ്റർ മാത്രം ഉയരമുള്ള കുട്ടിക്ക് ഇതിന് കഴിയില്ലെന്ന വസ്തുത കോടതിയെ ബോധിപ്പിച്ചില്ല. പ്രതികളെ വെറുതേ വിട്ടത് മതിയായ തെളിവില്ലാത്തതു കൊണ്ടല്ല, വിചാരണയുടെ ഭാഗമായ ഉദ്യോഗസ്ഥരുടെ കൃത്യവിലോപം മൂലമാണെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്.

സി.ബി.ഐക്ക്

എതിർപ്പില്ല

തുടരന്വേഷണം ഏറ്റെടുക്കുന്നതിനോട് സി.ബി.ഐക്ക് എതിർപ്പില്ല. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി പരിഗണിക്കവെ, സെഷൻസ് കോടതി വിചാരണ നടത്തി വിധി പറഞ്ഞ കേസായതിനാൽ ഇതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകി തുടരന്വേഷണം ആവശ്യപ്പെടണമെന്ന് സി.ബി.ഐ അഭിഭാഷകൻ ഹൈക്കോടതിയിൽ ബോധിപ്പിച്ചിരുന്നു.

''സി.ബി.ഐയുടെ തുടരന്വേഷണം ആവശ്യപ്പെട്ട് പ്രോസിക്യൂട്ടർ ഉടൻ ഹർജി നൽകണം. വിചാരണക്കോടതിക്ക് ഹൈക്കോടതിയിലേക്ക് റഫർ ചെയ്യാം. അല്ലെങ്കിൽ സർക്കാരിനോ കുടുംബത്തിനോ ഹൈക്കോടതിയിൽ ഹർജി നൽകാം.

-ജസ്റ്റിസ് ബി.കെമാൽ പാഷ

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WALAYAR CASE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.