തിരുവനന്തപുരം:കോർപറേഷന്റെ ഇപ്പോഴത്ത ദയനീയ നിലയും കടബാദ്ധ്യതയും കണക്കിലെടുക്കുമ്പോൾ, കെ-സ്വിഫ്ട് എന്ന ട്രാൻസ്പോർട്ട് കമ്പനി അനിവാര്യമെന്ന് കെ.എസ്.ആർ.ടി.സിയിലെ അംഗീകൃത സംഘടനകളുമായി ഇന്നലെ നടത്തിയ ചർച്ചയിൽ സി.എം.ഡി ബിജു പ്രഭാകർ വ്യക്തമാക്കി.ഒപ്പം, പിരിച്ചുവിട്ട എം.പാനലുകരെ തിരിച്ചെടുക്കുന്ന പദ്ധതിയും വിശദീകരിച്ചു.
ഐ.എൻ.ടി.യു.സി നേതൃത്വത്തിലുള്ള ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക്ക് ഫെഡറേഷനും, ബി.എം.എസ് നേതൃത്വത്തിലുള്ള കെ.എസ്.ടി. എംപ്ലോയീസ് സംഘും സിഫ്ടിന്റെ വ്യവസ്ഥകളെ ശക്തമായി എതിർത്തു. കെ.എസ്.ആർ.ടി.സിയുടെ നിലവിലുള്ള ആസ്തികൾ പുതിയ കമ്പനിക്ക് കൈമാറാനുള്ള തീരുമാനം അനുവദിക്കില്ലെന്ന് സംഘടനാ പ്രതിനിധികൾ പറഞ്ഞു. കെ.എസ്.ആർ.ടി.സിക്ക് അനുവദിച്ച പ്ലാൻഫണ്ട് പോലും പുതിയ കമ്പനിക്ക് കൈമാറാനാണ് മാനേജ്മെന്റ് പദ്ധതി. എം.പാനൽ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള വ്യവസ്ഥകളിൽ ഇളവ് നൽകണമെന്ന് ആവശ്യവും ഉയർന്നു.മാനേജ്മെന്റ് മുന്നോട്ട് വച്ചിട്ടുള്ള നിർദേശങ്ങൾ സംഘടനയ്ക്കുള്ളിൽ ചർച്ച ചെയ്ത് തീരുമാനം അറിയിക്കുമെന്ന് കെ.എസ്.ആർ.ടി. എംപ്ലോയിസ് അസോസിയേഷൻ (സി.ഐ.ടി.യു) ജനറൽ സെക്രട്ടറി സി.കെ. ഹരികൃഷ്ണൻ പറഞ്ഞു. ആർ. ശശിധരൻ (ഐ.എൻ.ടി.യുസി), ആർ. അയ്യപ്പൻ (ഡ്രൈവേഴ്സ് യൂണിയൻ), കെ.എൽ. രാജേഷ് (കെ.എസ്.ടി. എംപ്ലോയീസ് സംഘ്) എന്നിവരും സംസാരിച്ചു.
തൊഴിലാളികളെ വിശ്വാസത്തിലെടുത്തു മാത്രമേ തുടർ നടപടികൾ സ്വീകരിക്കൂവെന്ന് ബിജുപ്രഭാകർ പറഞ്ഞു. കഴിഞ്ഞ ഏപ്രിൽ മുതൽ ഡിസംബർ വരെ വരുമാനം 316.39 കോടിയും,ചെലവ് 1523 കോടിയുമാണ്.. ജീവനക്കാർ ചില ഡിപ്പോകളിൽ കൂടുതലും ചിലയടിത്ത് കുറവുമാണ് അതുകാരണം, 5000 ബസുകൾക്കുള്ള ജീവനക്കാരുണ്ടായിട്ടും 3000 സർവീസുകൾ ഓപ്പറേറ്റ് കഴിയത്ത അവസ്ഥയാണെന്നും സി.എം.ഡി പറഞ്ഞു.18 ന് വീണ്ടും യോഗം ചേരും.
ചർച്ചാ വിഷയമായി കേരളകൗമുദിയും
ഹിതപരിശോധനയ്ക്ക് ശേഷം കെ.എസ്.ആർ.ടി.സിയിലെ അംഗീകൃത സംഘടനകളും മാനേജ്മെന്റുമായി നടന്ന ആദ്യ ചർച്ചയിൽ ചർച്ചാവിഷയമായി കേരളകൗമുദി റിപ്പോർട്ടുകളും.
രാവിലെ 'കേരളകൗമുദി' കാണുമ്പോഴാണ് കെ.എസ്.ആർ.ടി.സിയിലെ പരിഷ്കാരങ്ങളെ കുറിച്ചറിയുന്നതെന്ന് ഒരു തൊഴിലാളി നേതാവ് പറഞ്ഞു. യൂണിയൻ നേതാക്കൾ അറിയുന്നതിനു മുമ്പ് കെ.എസ്.ആർ.ടി.സിയിലെ തീരുമാനങ്ങൾ ചോരുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളകൗമുദി സ്വിഫ്ട് എന്ന കമ്പനി രൂപീകരിക്കുന്ന വാർത്തയും, പിരിച്ചുവിട്ട 3308 എം-പാനൽ ജീവനക്കാർക്ക് വീണ്ടും ജോലി നൽകുമെന്ന വാർത്തയുമാണ് നേതാവിനെ ചൊടിപ്പിച്ചത്. എന്നാൽ, ഔദ്യോഗിക വാർത്തകൾ മാത്രമെ താൻ നൽകുന്നുളളൂവെന്നും, അല്ലാത്ത വാർത്തകൾ തടയാൻ കഴിയില്ലെന്നും ബിജു പ്രഭാകർ മറുപടി പറഞ്ഞു.
''എം.പാനലുകാരെ സ്ഥിരപ്പെടുത്താൻ കെ.എസ്.ആർ.ടി.സി ഉണ്ടാക്കിയ തെറ്റായ വ്യവസ്ഥകൾ പുറത്തറിയിച്ചത് കേരളകൗമുദിയാണ്. അതുകൊണ്ടാണ് ചർച്ചയിൽ വിഷയം ഉന്നയിക്കാൻ ഞങ്ങൾക്ക് സാധിച്ചത്.''
-കെ.എൽ.രാജേഷ്,
ജനറൽ സെക്രട്ടറി,
കെ.എസ്.ടി. എംപ്ലോയീസ് സംഘ്
കെ.എസ്.ആർ.ടി.സിയിൽ വി.ആർ.എസിന് ആലോചന
തിരുവനന്തപുരം: കെ.എസ്.ആർ.ടിസിയിൽ വി.ആർ.എസ് (സ്വയം വിരമിക്കൽ) പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നു. ഇതിനായി സർക്കാരിനോട് 200 കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ട്. ലഭ്യമായാൽ ആകർഷകമായ വി.ആർ.എസ് പാക്കേജിന് രൂപം നൽകാനാണ് തീരുമാനം. 18ന് തൊഴിലാളി സംഘടനാ നേതാക്കളുമായി ഇക്കാര്യം മാനേജ്മെന്റ് ചർച്ച ചെയ്യും.
ജീവനക്കാരുടെ അനുപാതം പുന:ക്രമീകരിക്കുന്നതിലൂടെയും ഷെഡ്യൂളുകൾ ശാസ്ത്രീയമായി പുനർവിന്യസിക്കുന്നതിലൂടെ മാസം 10 മുതൽ 15 കോടി വരെ ലാഭിക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്. ഇതിന്റെ ഭാഗമായാണ് വി.ആർ.എസ് പദ്ധതി. ടിക്കറ്റിതര വരുമാനം 25
കോടിയിലെത്തിക്കുന്ന പദ്ധതിയും വരും. കോർപ്പറേഷന്റെ ഈ പദ്ധതികൾ വിശദമായി പരിശോധിച്ച് ശുപാർശകൾ നൽകുന്നതിന് ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി ചെയർമാനായ ഉന്നതാധികാര കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഇപ്പോഴത്തെ ബസുകളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ 7090 ജീവനക്കാർ അധികമുണ്ടെന്ന് ഇന്നലെ യൂണിയൻ നേതാക്കൾക്ക് നൽകിയ റിപ്പോർട്ടിൽ എം.ഡി വ്യക്തമാക്കി.