തിരുവനന്തപുരം : കേരളത്തിലെ ബി ജെ പിയുടെ വളർച്ചയെ കുറിച്ച് നിയമസഭയിൽ ആശങ്ക പങ്കുവച്ച് ലീഗ് എം എൽ എ. വേങ്ങര മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം എൽ എയായ കെ എൻ എ ഖാദറാണ് ഗവർണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ സംസാരിക്കവേ സംസ്ഥാനത്ത് ബി ജെ പിയുടെ വളർച്ചയെ കുറിച്ചും അതിന് തടയിടാനുള്ള മാർഗത്തെക്കുറിച്ചും പ്രസംഗിച്ചത്. ഇനിയൊരു പതിനഞ്ച് വർഷം കഴിയുമ്പോൾ കേരളത്തിൽ ബി ജെ പി അധികാരത്തിന്റെ പടിവാതിൽക്കലെത്തും. ബി ജെ പിയുടെ വളർച്ച തടയണമെങ്കിൽ അതിന് ഇടതുപക്ഷം കേരളത്തെ കോൺഗ്രസ് മുക്തമാക്കാൻ ശ്രമിക്കുന്നതിനുപകരമായി ബി ജെ പിയെ മുഖ്യ ശത്രുവായി കാണണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇനി രണ്ടു ഭരണകാലംകൂടി കഴിയുമ്പോൾ പശ്ചിമബംഗാളിനെ പോലെയാവും കേരളത്തിലെ രാഷ്ട്രീയ സാഹചര്യം. അപ്പോൾ കേരളം ഇന്നത്തെ ഇന്ത്യയുടെ അവസ്ഥയെത്തും. അപ്പോൾ കോൺഗ്രസും കമ്യൂണിസ്റ്റും പരസ്പരം പിന്തുണയ്ക്കേണ്ടിവരുമെന്നും കെ എൻ എ ഖാദർ പ്രസ്താവിച്ചു. രാജ്യത്ത് ബി ജെ പി അധികാരത്തിൽ വരുമെന്ന് 28 വർഷം മുൻപ് താൻ പറഞ്ഞിരുന്നു. എന്നാൽ അന്ന് ആരുമത് വിശ്വസിച്ചില്ലെന്നും ഇനി വിശ്വസിച്ചാലും ഇല്ലെങ്കിലും കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.