ഹൈദരാബാദ്: നാളെ മകരസംക്രാന്തി ദിനമാണ്. രാജ്യമാകെ പലതരത്തിലാണ് മകരസംക്രാന്തി ആചരിക്കുന്നത്. ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിൽ ചിലയിടങ്ങളിലും ആ സമയം പട്ടം പറത്തി ആഘോഷിക്കാറുണ്ട്. ഇത്തരത്തിൽ പലവിധ വർണപട്ടങ്ങൾ ആകാശത്ത് പറന്ന് രസിക്കുന്നത് മകരസംക്രാന്തി നാളിൽ മനോഹരമായ കാഴ്ചയാണ്. എന്നാൽ ഹൈദരാബാദിൽ ആനന്ദ് റെഡ്ഡി എന്ന കരകൗശല തൊഴിലാളി മറ്റൊരു തരത്തിലാണ് മകരസംക്രാന്തി ആചരിക്കുക. സ്വർണത്തിൽ പട്ടത്തിന്റെ രൂപം നിർമ്മിച്ച് റെഡ്ഡി അത് തിരുപ്പതി വെങ്കിടേശ്വര ഭഗവാന് സമർപ്പിക്കുകയാണ് പതിവ്. ഇത്തവണയും റെഡ്ഡി പതിവ് തെറ്റിച്ചില്ല. 2.58 ഗ്രാം തൂക്കമുളള ചെറിയൊരു സ്വർണ പട്ടം നിർമ്മിച്ചു. ഒപ്പം വെളളിയിൽ ഒരു മാസ്കും നിർമ്മിച്ചു.
യഥാർത്ഥ പട്ടത്തിന്റെ അതേ രൂപം തന്നെയാണ് റെഡ്ഡി നിർമ്മിച്ച പട്ടത്തിനും. ജനങ്ങളിൽ കൊവിഡ് അവബോധം സൃഷ്ടിക്കാനാണ് താൻ മാസ്ക് നിർമ്മിച്ചതെന്ന് പറയുന്നു ആനന്ദ് റെഡ്ഡി. കൊവിഡ് പ്രതിസന്ധിയുടെ ഈ കാലഘട്ടത്തിൽ ജനങ്ങൾ എല്ലാവരും കൊവിഡ് ചട്ടങ്ങൾ പാലിക്കണമെന്നും മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും റെഡ്ഡി ആവശ്യപ്പെടുന്നു. ഹൈദരാബാദിൽ ചാർമിനാറിന് സമീപം ഫാസ്റ്റ് ഫുഡ് സ്റ്റാൾ നടത്തുന്നയാളാണ് ആനന്ദ് റെഡ്ഡി. വേണ്ടവർക്ക് ഇദ്ദേഹം പട്ടവും നിർമ്മിച്ച് നൽകും.