കൊവിഡ് സൃഷ്ടിച്ച പ്രതിബന്ധങ്ങൾ മറികടന്ന് തിയേറ്ററുകൾ തുറക്കാനുള്ള തീരുമാനം സിനിമാപ്രേമികൾക്ക് സമ്മാനിച്ച സന്തോഷം ചെറുതൊന്നുമല്ല. ആദ്യ റിലീസായി ഇളയദളപതി വിജയ്യുടെ മാസ്റ്റർ തന്നെ പ്രദർശനത്തിനെത്തുമെന്ന് തീരുമാനമായതോടെ കേരളത്തിൽ ഒരു തിയേറ്ററിലും ഒരാഴ്ചത്തേക്ക് ടിക്കറ്റുകൾ ലഭ്യമല്ല എന്ന അവസ്ഥയിലുമെത്തി. പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് തിരികെ കൊണ്ടുവരാൻ വിജയ് എന്ന സൂപ്പർതാരത്തിന്റെ താരമൂല്യം അനിവാര്യമായിരുന്നു. പ്രേക്ഷകരെ മാസ്റ്ററിലേക്ക് അടുപ്പിച്ച മറ്റൊരു ഘടകം കൂടിയുണ്ട്; മക്കൾ സെൽവൻ വിജയ് സേതുപതിയുടെ പ്രതിനായക കഥാപാത്രം. അങ്ങനെ ആരാധകപ്രതീക്ഷകൾ വാനോളം ഉയർത്തിയാണ് മാസ്റ്റർ അവതരിച്ചത്.
'മാസ്റ്റർ' ഇളയദളപതിയോ മക്കൾ സെൽവനോ?
ഒരു ക്രിക്കറ്റ് മാച്ചിൽ നമ്മൾ പറയാറില്ലേ ജയിച്ചത് എ ടീം ആണെങ്കിലും കളിച്ചത് ബി ടീം ആണെന്ന്. അതുപോലെതന്നെയാണ് മാസ്റ്ററിന്റെയും അവസ്ഥ. വിജയ്യെ കാണാൻ വരുന്നവരുടെ മനസിൽ വിജയ് സേതുപതിയുടെ പെർഫോമൻസ് ആയിരിക്കും തങ്ങിനിൽക്കുക എന്നതിൽ സംശയംവേണ്ട. എന്നുകരുതി വിജയ് ആരാധകർ അൽപം പോലും നിരാശരാകേണ്ട കാര്യവുമില്ല. എല്ലായ്പ്പോഴുമെന്നപോലെ 'അണ്ണൻ' ബഡാമാസ് തന്നെയാണ്. രണ്ടു സൂപ്പർതാരങ്ങളെ കൃത്യമായ രീതിയിൽ ഉപയോഗിക്കാൻ സംവിധായകൻ ലോകേഷ് കനകരാജിന് സാധിച്ചിട്ടുണ്ട്.
അനിരുദ്ധിന്റെ തകർപ്പൻ സംഗീതം
അനിരുദ്ധ് രവിചന്ദറിന്റെ സംഗീതവും പശ്ചാത്തലസംഗീതവും മാസ്റ്ററിനെ വേറെ ലെവലിലേക്ക് എത്തിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ പ്രധാന പ്ളസ് പോയിന്റുകളിലൊന്നുതന്നെ അനിരുദ്ധ് സംഗീതമാണ്; പ്രത്യേകിച്ചും ഫൈറ്റ് സീനുകളിൽ. ഗില്ലി അടക്കമുള്ള വിജയ്യുടെ സൂപ്പർഹിറ്റ് ചിത്രങ്ങളിലെ ബാക്ക് ഗ്രൗണ്ട് സ്കോർ റഫറൻസ് ആരാധകരെ കൊണ്ടെത്തിക്കുന്നത് ആവേശക്കൊടുമുടിയിലാണ്.
ആവേശം ചോർത്തുന്ന മൂന്ന് മണിക്കൂർ
മൂന്ന് മണിക്കൂർ ആണ് സിനിമയുടെ ആകെ ദൈർഘ്യം. എന്നാൽ ആദ്യാവസാനം പ്രേക്ഷകനെ പിടിച്ചിരുത്തുന്നതിൽ ഈ മൂന്ന് മണിക്കൂർ ദൈർഘ്യത്തിന്റെ ആവശ്യകതയില്ലെന്നുതന്നെ പറയാം. ആദ്യപകുതിയുടെ ആവേശം അതേഅളവിൽ പകരാൻ രണ്ടാം ഭാഗത്തിന് കഴിയുന്നുമില്ല. വിജയ്, വിജയ് സേതുപതി എന്നീ വാണിജ്യമൂല്യങ്ങളെ പരമാവധി ഉപയോഗിച്ചപ്പോൾ പ്രമേയത്തിന് സ്വാഭാവികമായി വന്ന ഇഴച്ചിലായി നമുക്കതിനെ കണക്കാക്കാം. നിരവധി കഥാപാത്രങ്ങളെ അണിനിരത്തിയിട്ടുണ്ടെങ്കിലും പലർക്കും അവർ അർഹിക്കുന്ന പരിഗണന നൽകാൻ ലോകേഷ് കനകരാജ് ശ്രമിച്ചിട്ടില്ലെന്നത് ന്യൂനതയാണ്.
ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ
ഒരു വിജയ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങളെ കുറിച്ച് കൂടുതൽ പറയേണ്ട കാര്യമില്ല. എന്നിരുന്നാലും മാസ്റ്ററിലെ ഫൈറ്റ് സീനുകൾ ഒരുപടി മുന്നിൽ തന്നെ നിൽക്കും എന്നതിൽ തകർക്കമില്ല. പ്രത്യേകിച്ചും ട്രെയിൻ പശ്ചാത്തലമായുള്ള ആക്ഷൻ സീക്വൻസുകളെല്ലാം മാസ്റ്റർ പീസുകൾ തന്നെയാണ്.
എന്തായാലും മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളെ ഇളക്കി മറിക്കാൻ മാസ്റ്ററിന് കഴിഞ്ഞു എന്നതിൽ തർക്കമില്ല. വിജയ്യുടെയും വിജയ് സേതുപതിയുടെയും ആരാധകരെ ഒരുപോലെ തൃപ്തിപ്പെടുത്തി തന്നെയാണ് ലോകേഷ് കനകരാജ് മാസ്റ്റർ ഒരുക്കിയിരിക്കുന്നത്.
പ്രേക്ഷകരോട് പറയാൻ ഒന്നേയുള്ളൂ; മാസ്റ്റർ ഒരു വിജയ് സിനിമയാണ് ലോകേഷ് കനകരാജിന്റെതല്ല.