തിരുവനന്തപുരം: സംസ്ഥാനത്ത് വിവരാവകാശ നിയമം ദുരുപയോഗം ചെയ്യുന്ന സാഹചര്യമുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
ഒരേ അപേക്ഷകർ പലതവണ അപേക്ഷകൾ സമർപ്പിക്കുന്നതും കൃത്യമായ മറുപടി നൽകാൻ കഴിയാത്ത സങ്കീർണമായ വിഷയങ്ങൾ ഉന്നയിക്കുന്നതും മറുപടിയിൽ വ്യക്തതയില്ലെന്ന് ആരോപിച്ച് അപ്പീൽ നൽകുന്നതും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള അപേക്ഷകർക്കുള്ള സൗജന്യങ്ങൾ ദുരുപയോഗം ചെയ്യുന്നതും പതിവാണ്. നിയമം കൂടുതൽ കുറ്റമറ്റ രീതിയിൽ നടപ്പാക്കുന്നതിന് വിവരാവകാശ അപേക്ഷകൾ ഓൺലൈൻ വഴി സ്വീകരിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും എ.എൻ. ഷംസീറിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകി.
. വിവരാവകാശ നിയമം ദുരുപയോഗം ചെയ്യുന്നവർക്ക് താക്കീത് നൽകിയും പൊതുശല്യക്കാരനായി പരാമർശിച്ചും വിവരാവകാശ കമ്മിഷൻ ഉത്തരവുകൾ പുറപ്പെടുവിക്കാറുണ്ട്. ദുരുപയോഗം ചെയ്യുന്ന അപേക്ഷകൾ നിരാകരിക്കാനും വ്യവസ്ഥയുണ്ട്. ഇക്കാര്യത്തിൽ എന്ത് ചെയ്യാനാവുമെന്ന് പരിശോധിക്കും. ആർ.ടി.ഐ ആക്ടിവിസ്റ്റുകളിൽ ഒരു വിഭാഗം മാഫിയാ സംഘങ്ങളെപ്പോലെ പ്രവർത്തിക്കുന്നുവെന്ന് ഷംസീർ ആരോപിച്ചു.