ഒരു കറുത്ത ദിവസമായിരുന്നു അത്. അത്രമാത്രം ആ മനുഷ്യനെ ആരാധിച്ചിരുന്നു എന്ന തിരിച്ചറിവ് എന്നോടൊപ്പം ലോകവും അനുഭവിച്ചു കാണണം. ഡീഗോ മറഡോണ ഇനിയില്ല എന്ന സത്യവുമായി പൊരുത്തപ്പെടാൻ ഏറെ ദിവസങ്ങളെടുത്തു.എന്നാണെന്ന് കൃത്യമായി ഓർക്കുന്നില്ല മറഡോണ മനസിലേക്ക് ആവേശമായി പടർന്നത്. എത്രയോ തവണ ഭ്രമിച്ചിട്ടുണ്ടാകും ആ ഇടതു കാലുകൾ എന്ന് മാത്രം ഓർമയുണ്ട്. ആ ഓർമ്മകൾ 1986 ലോക കപ്പിൽ ഉടക്കി നിന്നു. അന്നായിരുന്നല്ലോ നൂറ്റാണ്ടിന്റെ ഗോളിന്റെ പിറവി. ദൈവത്തിന്റെ കൈ വിവാദമായി ഉയർന്നതും അന്നു തന്നെ. പക്ഷേ അഞ്ച് ഇംഗ്ലിഷ് കളിക്കാരെ അസമാന്യ പാടവത്തിൽ മറികടന്ന് ഗോളി പീറ്റർ ഷിൽട്ടനെ കബളിപ്പിച്ച് വലയിലാക്കിയ ഗോൾ ആർക്ക് മറക്കാനാകും. ഗോളിന്റെ ദൃശ്യം ഇന്റർനെറ്റിൽ പരതി. ലോകം ഒരിക്കലും മറക്കാനിടയില്ലാത്തഗോളിന്റെ എല്ലാ വശങ്ങളിലും നിന്നെടുത്ത ദൃശ്യങ്ങൾ ഫുട്ബാൾ ദൈവത്തിന്റെ കയ്യൊപ്പായി മാറുന്നത് കാണുന്നതിനൊപ്പം ആവേശമത്രയും ദൃക്സാക്ഷി വിവരണമായി കാതുകളിലേക്കും.
വിക്ടർ ഹ്യൂഗോ മൊറാലസിന്റെ ഹൃദയത്തുടിപ്പുകൾക്ക് മറഡോണയുടെ കുതിപ്പിനൊപ്പംവേഗം കൂടുന്നത് കേൾക്കാമായിരുന്നു ആ കമന്ററിയിൽ.ലോകത്തിന്റെ ആകെ ആവേശം ആവാഹിച്ചെടുത്ത വിവരണം. ഓർമകളിലേക്കും ഫുട്ബാൾ മാന്ത്രികതയുടെ നിമിഷങ്ങളിലേക്കും ഒരു മടക്കയാത്ര. ഈ നിമിഷങ്ങൾ മാത്രം മതി മറഡോണയ്ക്ക് അമരനാകാൻ. ഭൗതികമായ വിടവാങ്ങലിനപ്പുറം കാൽപ്പന്തിന്റെ ദൈവത്തിന് എന്ത് സംഭവിക്കാൻ. തലമുറകളിലേക്ക് കളിയുടെ ആവേശം പടർത്താൻ പോന്നതെല്ലാം ആ ഇടംകാലുകൾ തൊടുത്തു വിട്ടിരുന്നല്ലോ. അതിനൊപ്പം പ്രധാനമല്ലേ ആ കമന്ററിയും... ചരിത്രത്തിൽ ആ ആവേശ ശബ്ദത്തിന് ഒരു അടയാളപ്പെടുത്തൽ വേണ്ടതല്ലേ...
സംസ്ഥാന സർക്കാരിന് വേണ്ടി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പുറത്തിറക്കുന്നകേരളകോളിംഗ് മാഗസിന്റെ എഡിറ്റർ എന്ന നിലയ്ക്ക് എന്റെ ഉത്തരവാദിത്തം കൂടിയാണ് വിക്ടർ ഹ്യൂഗോ മൊറാലസ് എന്ന പ്രതിഭയുടെ കമന്ററിയും ഡീഗോ മറഡോണയുമായി അദ്ദേഹം പുലർത്തിയ സൗഹൃദവും വായനക്കാർക്കായി പങ്കിടേണ്ടത് എന്നുറപ്പിച്ചു. എഡിറ്റോറിയൽ ടീം ഉടൻ തന്നെ സജീവമായി. തുടർന്നാണ് വിക്ടറിന് മെയിൽ അയച്ചത്. തികച്ചും അനുയോജ്യം എന്ന് മറുപടി വന്നു. നേരെ ചോദ്യങ്ങളിലേക്കും ചരിത്രനിമിഷത്തിന്റെ ഉത്തരങ്ങളിലേക്കുമായി അഭിമുഖം വളർന്നു. കേരള കോളിംഗ് മാഗസിന്റെ ഡിസംബർ ലക്കത്തിലെ മുഖ്യ ആകർഷണമായി മാറുകയായിരുന്നു അഭിമുഖം.
34 വർഷങ്ങൾക്കിപ്പുറം നൂറ്റാണ്ടിന്റെ ഗോൾ പകരുന്ന വികാരമെന്ത് എന്ന ചോദ്യത്തിന് കാലാതീതമാണ് ആ നിമിഷങ്ങൾ എന്ന് മറുപടി. മറഡോണയും ഫുട്ബാളും പകരുന്ന ആഹ്ലാദത്തിന് അതിരുകളില്ല എന്നും. ദൈവത്തിന്റെ കൈ സംബന്ധിച്ച് തത്സമയം വിവരിച്ചത് അദ്ദേഹം ഓർത്തെടുത്തു. കുപ്രസിദ്ധമല്ലേ ആ ഗോൾ എന്ന ചോദ്യത്തോട് അതൊക്കെ കളിയുടെ ഭാഗമായ ചില തന്ത്രങ്ങൾ എന്ന് ഉത്തരം.
അർജന്റീന എന്ന രാജ്യം ലോകമാകെ ഏറ്റെടുക്കാൻ കാരണമായത് മറഡോണ എന്ന ഇതിഹാസത്തിന്റെ മാസ്മരികത കൊണ്ടാണെന്ന് വിക്ടർ പ്രതികരിച്ചു. വിവാദങ്ങൾ ജീവിതത്തിന്റെ ഭാഗമായിരുന്നിട്ടുകൂടി ആരാധക ബാഹുല്യം കാലങ്ങൾക്കിപ്പുറവും കയ്യടക്കാനായ പ്രതിഭയാണ് മറഡോണയെന്നും അദ്ദേഹവുമായി വ്യക്തിബന്ധം സ്ഥാപിക്കാനായത് വലിയ ഭാഗ്യമാണെന്നും വിക്ടർ കൂട്ടിച്ചേർത്തു. അഭിമുഖത്തിന്റെ പകർപ്പ് മെയിൽ ചെയ്തു കിട്ടിയ ആഹ്ലാദം പങ്കുവച്ചതിനൊപ്പം ഒരു ആവശ്യം കൂടി വിക്ടർ മുന്നോട്ട് വച്ചു. തന്റെ കമന്ററി മലയാളത്തിലൊന്ന് കേൾക്കണം.ലോകത്തിലെ വിവിധ ഭാഷകളിൽ പരിഭാഷപ്പെടുത്തിയ കമന്ററികളുടെ ശേഖരത്തിലേക്ക് മലയാളത്തെയും ചേർക്കണം. അതായിരുന്നു ആവശ്യം. ചരിത്രത്തിന് മലയാളത്തിന്റെ സംഭാവനയായി നൽകാൻ ആ കമന്ററി പരിഭാഷപ്പെടുത്തി. ശബ്ദത്തിനായുള്ള അന്വേഷണം ചെന്നെത്തിയത് ഐ. എസ്. എൽ ഫുട്ബോൾ ആവേശത്തിന് ശബ്ദാവേശം പകരുന്ന ഷൈജു ദാമോദരനിലേക്ക്.കേട്ട മാത്രയിൽ സമ്മതം മൂളിയ ഷൈജു വിക്ടർ ഹ്യൂഗോ മൊറാലസിന്റെ കമന്ററിക്ക് മലയാള ശബ്ദം നൽകി. മറഡോണയ്ക്കും വിക്ടറിനും നന്ദി.