കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽനിന്ന് ജനവിധി തേടുമെന്ന് വ്യക്തമാക്കി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കഴിഞ്ഞ മാസം ബി ജെ പിയിലേക്ക് കൂറുമാറിയ വിമതനേതാവ് സുവേന്ദു അധികാരിയാണ് പശ്ചിമ ബംഗാൾ നിയമസഭയിൽ നന്ദിഗ്രാമിനെ പ്രതിനിധീകരിച്ചിരുന്നത്. ഇവിടേക്കാണ് തിരഞ്ഞെടുപ്പ് പോരാട്ടത്തിനായി മമത എത്തുന്നത്.
‘നന്ദിഗ്രാം എന്റെ ഭാഗ്യ സ്ഥലമാണ്, ഞാൻ ഇവിടെനിന്നും മത്സരിക്കും’ എന്നാണ് ഒരു പൊതുയോഗത്തിൽ പങ്കെടുക്കവെ മമത പ്രഖ്യാപിച്ചത്. നന്ദിഗ്രാമിലെ കർഷക സമരത്തെ പിന്തുണച്ചതാണ് ഇടതുപക്ഷത്തെ പരാജയപ്പെടുത്തി 2011ലെ തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്താൻ മമതയെ സഹായിച്ചത്. ബി ജെ പിയുടെ ശക്തമായ സാന്നിദ്ധ്യമുണ്ടെങ്കിലും മണ്ഡലം തങ്ങളെ കൈവിടില്ലെന്ന ഉറച്ചവിശ്വാസം ത്രിണമൂൽ കോൺഗ്രസിനുണ്ട്.
തൃണമൂലിന്റെ ജനകീയ നേതാവായ സുവേന്ദു അധികാരി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിദ്ധ്യത്തിൽ ബി ജെ പിയിൽ ചേർന്നതിനുളള രാഷ്ട്രീയ മറുപടി കൂടിയാണ് നന്ദിഗ്രാമിൽ മത്സരിക്കാനുളള മമതയുടെ തീരുമാനമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.