വാഷിംഗ്ടൺ: അമേരിക്കയിൽ ജനാധിപത്യം പുനസ്ഥാപിക്കപ്പെട്ടുവെന്ന് പ്രസിഡന്റ് ജോ ബൈഡൻ. അമേരിക്കയുടെ നാൽപ്പത്തിയാറാമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐക്യതയാണ് രാജ്യത്തെ മുന്നോട്ടു നയിക്കാനുള്ള വിജയപാതയെന്ന് ബൈഡൻ പറഞ്ഞു. ഐക്യത്തെ പറ്റി സംസാരിക്കുന്നത് ചിലരെ സംബന്ധിച്ചിടത്തോളം ഭാവന മാത്രമാണെന്ന് തനിക്കറിയാം. ഐക്യത്തോടെ നിന്നുവേണം പ്രതിസന്ധികളെ നേരിടാൻ. ജനാധിപത്യം അമൂല്യമെന്ന് അമേരിക്ക തിരിച്ചറിഞ്ഞെന്നും ബൈഡൻ വ്യക്തമാക്കി.
ക്യാപിറ്റോൾ ടവറിന് നേരെ നടന്ന ആക്രമണത്തെ ബൈഡൻ അപലപിച്ചു. ജനാധിപത്യത്തിന്റെ ആവശ്യകതയ്ക്ക് അടിവരയിടുന്നത് എന്നാണ് ബൈഡൻ ആക്രമത്തെ പരാമർശിച്ചത്. ജനാധിപത്യം അമൂല്യമെന്ന് നമ്മൾ വീണ്ടും മനസിലാക്കിയെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു. അത് സംഭവിക്കാൻ പാടില്ലായിരുന്നു. ഇത്തരമൊരു സംഭവം ഇനിയൊരിക്കലും സംഭവിക്കാൻ പാടില്ലെന്നും ബൈഡൻ പ്രസംഗത്തിൽ വ്യക്തമാക്കി.
എല്ലാവർക്കും നീതി എന്ന സ്വപ്നത്തിന് ഇനി കാലവിളംബം ഉണ്ടാകില്ലെന്നും, താൻ എല്ലാവരുടെയും പ്രസിഡന്റ് ആയിരിക്കുമെന്നും ജോ ബൈഡൻ പറഞ്ഞു.