ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിനായി വികസിപ്പിച്ച് വാക്സിനുകളിൽ രണ്ടെണ്ണത്തിന് ഇന്ത്യയിൽ സർക്കാർ അനുമതി നൽകിയിരുന്നു. ജനുവരി 16 മുതൽ ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് വാക്സിൻ കുത്തിവയ്പും ഇന്ത്യയിൽ ആരംഭിച്ചിരുന്നു. ഭാരത് ബയോടെക്കിന്റെ കൊവാക്സിനും സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന ഓക്സ്ഫോഡ് ആസ്ട്രെസെനക്കയുടെ കൊവിഷീൽഡിനുമാണ് ഇന്ത്യയിൽ ഇപ്പോൾ അനുമതി
നൽകിയിട്ടുള്ളത്. ഇതുവരെയുള്ള റിപ്പോർട്ടുകൾ അനുസരിച്ച് വളരെക്കുറച്ച് പാർശ്വഫലങ്ങൾ മാത്രമേ ഈ വാക്സിനുകൾക്ക് ഉണ്ടായിട്ടൂള്ളൂ. ഇന്ത്യയിൽ നിർമ്മിക്കുന്ന വാക്സിനുകളെകുറിച്ചുള്ള മികച്ച റിപ്പോർട്ടിന് പിന്നാലെ കൂടുതൽ രാജ്യങ്ങൾ വാക്സിന് വേണ്ടി സമീപിച്ചതായി അധികൃതർ വ്യക്തമാക്കുന്നു. ഇതുവരെ 92 രാജ്യങ്ങൾ വാക്സിനുവേണ്ടി ഇന്ത്യയെ സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഇന്ത്യയിൽ നിർമിച്ച വാക്സിനുകൾക്ക് പാർശ്വഫലങ്ങൾ കുറവാണെന്ന വിലയിരുത്തലാണ് അവ ഉപയോഗിക്കാൻ നിരവധി രാജ്യങ്ങളെ പ്രേരിപ്പിക്കുന്നതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. ലോകത്തിന്റെ ഫാർമസി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ ഭൂട്ടാൻ, മാലെദ്വീപ്,നേപ്പാൾ, ബംഗ്ലാദേശ് എന്നീ അയൽരാജ്യങ്ങൾക്ക് ആദ്യഘട്ടമായി ഇന്ത്യ സൗജന്യമായി വാക്സിൻ നൽകിക്കഴിഞ്ഞു. മ്യാൻമർ, സീഷെൽസ് എന്നീ രാജ്യങ്ങളിലേക്കുള്ള വാക്സിനുകൾ വെള്ളിയാഴ്ച അവിടെയെത്തും.ശ്രീലങ്ക, അഫ്ഗാനിസ്താൻ, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേക്കും വാക്സിൻ അയയ്ക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു
ബൊളീവിയ, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നിവ അടക്കമുള്ള രാജ്യങ്ങളും വാക്സിനുവേണ്ടി ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. രാജ്യത്തെ ജനങ്ങൾക്ക് ആവശ്യമായ കൊവിഷീൽഡ് വാക്സിൻ ഡോസുകൾ എത്രയുംവേഗം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി റൂസ്വെൽറ്റ് സ്കെറിറ്റ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചൊവ്വാഴ്ച കത്തയച്ചിരുന്നു. അമേരിക്ക കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ടു ചെയ്യപ്പെട്ട ബ്രസീൽ നേരത്തെ തന്നെ കൊവിഡ് വാക്സിനുകൾ കൊണ്ടുപോകാൻ പ്രത്യേക വിമാനം ഇന്ത്യയിലേക്ക് അയച്ചിരുന്നു. കൊവിഡ് വാക്സിന്റെ 20 ലക്ഷം ഡോസുകളാണ് ബ്രസീൽ ആവശ്യപ്പെട്ടിരിക്കുന്നത്.
50 ലക്ഷം ഡോസ് കൊവിഡ് വാക്സിനുകൾ വാങ്ങുന്നതിനുള്ള കരാറിനാണ് ബൊളീവിയൻ സർക്കാർ സെറം ഇൻസ്റ്റിറ്റ്യൂട്ടിമായി കരാറിൽ ഏർപ്പെട്ടിട്ടുള്ളത്. ഇന്ത്യയിൽനിന്നും റഷ്യയിൽനിന്നും വാങ്ങുന്ന വാക്സിനുകൾ ഉപയോഗിച്ച് രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വാക്സിൻ കുത്തിവെക്കാനാണ് ബൊളീവിയയുടെ നീക്കം. ചൈന വികസിച്ച വാക്സിനുകൾ ഫലപ്രദമല്ലെന്ന് കണ്ടെത്തുന്ന പക്ഷം ചൈനയിലേക്ക് വാക്സിൻ അയയ്ക്കാനുള്ള സാധ്യതയും ഇന്ത്യ ആരായുന്നുണ്ട്. ആവശ്യമെങ്കിൽപാകിസ്താനും ചൈനയ്ക്കും വാക്സിൻ നൽകാനും ഇന്ത്യ തയ്യാറാകുമെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.