കൽപ്പറ്റ: വിനോദ വാസത്തിനെത്തിയ അദ്ധ്യാപികയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ അവർ താമസിച്ചിരുന്ന മേപ്പാടിയിലെ റിസോർട്ട് അടച്ചുപൂട്ടാൻ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള ഉത്തരവിട്ടു. എളമ്പലേരിയിലെ റെയിൻ കൺട്രി വില്ലയുടെ എക്സ്പ്ലോർ വയനാടെന്ന റിസോർട്ടാണ് അടച്ചുപൂട്ടിയത്. കണ്ണൂർ കണ്ണാടിപ്പറമ്പ് കാരയാപ്പ് കല്ലറപ്പുര ഹൗസിൽ പരേതനായ സി.കെ. അബ്ദുൽ സത്താറിന്റെയും ആയിഷയുടെയും മകളും കുറ്റ്യാടി ദാറുൽ ഉജൂമിൽ അദ്ധ്യാപികയുമായ ഷഹാനയാണ് (26) കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. നേരത്തെ കോഴിക്കോട് ഫാറൂഖ് കോളേജ് അദ്ധ്യാപികയായിരുന്നു. ഇഷാനാണ് ഭർത്താവ്. ടെൻഡ് പാക്കേജിന്റെ ഭാഗമായി ഷഹാനയും ബന്ധുവും ബന്ധുവിന്റെ സുഹൃത്തുമാണ് വയനാട്ടിലെത്തിയത്.
ശനിയാഴ്ച രാത്രി 7.45 നായിരുന്നു സംഭവം. ടെൻഡിൽ നിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയപ്പോൾ കാട്ടാനയുടെ മുന്നിൽ പെടുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ച് വീഴ്ത്തി. ഗുരുതര പരിക്കേറ്റ നിലയിൽ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നെഞ്ചിൽ കാട്ടാനയുടെ ചവിട്ടേറ്റ് ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റതായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിൽ അമ്പതോളം ചെറുതും വലുതുമായ പരിക്കുകളുണ്ട്. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റ് മോർട്ടത്തിനുശേഷം രാത്രിയോടെ സ്വദേശത്തേക്ക് കൊണ്ടുപോയി. ഷഹാന മദ്ധ്യപ്രദേശ് സർവകലാശാലയിൽ സൈക്കോളജിയിൽ ഗവേഷണം നടത്തുന്നുണ്ടായിരുന്നു. സഹോദരങ്ങൾ: ബിലാൽ, ലുഖ്മാൻ, ഡോ. ദിൽഷാ ഹിലാൽ.
ടെൻഡുകളിൽ മുപ്പതോളം ടൂറിസ്റ്റുകൾ
റിസോർട്ടിൽ അനധികൃതമായി നിർമ്മിച്ച ടെൻഡുകളിൽ വീക്കെൻഡ് പാക്കേജിൽ എത്തിയ മുപ്പതോളം ടൂറിസ്റ്റുകൾ ഉണ്ടായിരുന്നു. ചിരട്ട കമിഴ്ത്തിവച്ചത് പോലെയാണ് വനമേഖലയോട് ചേർന്ന ടെൻഡുകൾ ഉണ്ടായിരുന്നത്. സംഭവത്തിന് ശേഷം ചില ടെൻഡുകൾ രാവിലെ തന്നെ ബന്ധപ്പെട്ടവർ പൊളിച്ച് മാറ്റി.
കളക്ടർ റിസോർട്ട് സന്ദർശിച്ചു
എക്സ്പ്ലോർ വയനാട് റിസോർട്ട് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുളള സന്ദർശിച്ചു. റിസോർട്ട് നടത്തിപ്പുകാർ സുരക്ഷാവീഴ്ച വരുത്തിയതായി കളക്ടർ പറഞ്ഞു. വിശദമായ അന്വേഷണത്തിന് തഹസിൽദാറെ ചുമതലപ്പെടുത്തി. ടെൻഡ് കെട്ടി താമസിപ്പിക്കുന്നത് ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപെട്ടിട്ടില്ല. റിസോർട്ടിന്റെ അനുമതി സംബന്ധിച്ച് അന്വേഷണം നടത്തും. ജില്ലാ ദുരന്തനിവാരണ അതോറിട്ടി ഇത് സംബന്ധിച്ച് നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
വയനാട്ടിൽ റിസോർട്ടുകൾ ആയിരത്തോളം, ഏറെയും അനധികൃതം,മോഹന വാഗ്ദാനം
കൽപ്പറ്റ: വയനാട് ജില്ലയിൽ ആയിരത്തോളം റിസോർട്ടുകളും അത്ര തന്നെ ഹോം സ്റ്റേകളും പ്രവർത്തിക്കുന്നുണ്ട്. ഇതിൽ ഏറെയും അനധികൃതം. ഹോം സ്റ്റേകൾ വ്യവസായമായി മാറിക്കഴിഞ്ഞു. കൊവിഡ് കാലത്ത് നേരിയ ഇടിവുണ്ടായ ഇൗ മേഖല കഴിഞ്ഞ ഒരു മാസത്തിനകം പൂർവ്വാധികം ശക്തിയോടെ ഉണർന്നിരിക്കുകയാണ്. ടൂറിസ്റ്റുകളെ ആകർഷിക്കാൻ പലതരം വാഗ്ദാനങ്ങളാണ് നടത്തിപ്പുകാർ നൽകുന്നത്.
വഴിവിട്ട ഇടപാടുകൾ നടന്നാലും ജില്ലാ ഭരണകൂടവും പൊലീസും വനം വകുപ്പും റവന്യൂ വകുപ്പും ത്രിതല പഞ്ചായത്തും കണ്ണടക്കുന്ന സ്ഥിതി.
ഒരു വലിയ മരവും ചെറിയൊരു അരുവിയും ഉണ്ടെങ്കിൽ ഏറുമാടം കെട്ടി റിസോർട്ടോ, ഹോംസ്റ്റേയോ ആകാമെന്ന അവസ്ഥയാണ് വയനാട്ടിൽ. ഒറ്റ ദിവസത്തേക്ക് അയ്യായിരം രൂപ വാങ്ങുന്ന ഹോംസ്റ്റേകൾ വരെയുണ്ട്. വന മേഖലയോട് ചേർന്നുള്ള റിസോർട്ടുകൾക്കും ഹോംസ്റ്റേകൾക്കുമാണ് ആവശ്യക്കാർ കൂടുതൽ.
വന്യമൃഗങ്ങളെ കാണാമെന്ന വാഗ്ദാനം നൽകി ടൂറിസ്റ്റുകളെ ആകർഷിക്കുന്ന റിസോർട്ടുകളും ഏറെയുണ്ട്. വന്യമൃഗങ്ങളെ ആകർഷിക്കാൻ ഉപ്പ് വൻ തോതിൽ റിസോർട്ടിന് ചുറ്റുമുളള കാട്ടിൽ വിതറും. കാട്ടാനകൾ ഉൾപ്പെടെ വന്യമൃഗങ്ങൾ ഉപ്പിന്റെ രുചി അറിയുന്നതോടെ റിസോർട്ട് പരിസരത്ത് കേന്ദ്രീകരിക്കും. അനധികൃത റിസോർട്ടുകളും ഹോംസ്റ്റേകളും നടത്തുന്ന നിയമലംഘനങ്ങൾ നല്ല നിലയിൽ പ്രവർത്തിക്കുന്നവയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.