തിരുവനന്തപുരം : സ്വർണക്കടത്ത് കേസിലടക്കം നിരവധി കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്ന സ്വപ്ന സുരേഷുമായി ബന്ധം പുലർത്തിയെന്ന ആരോപണം പ്രതിപക്ഷം സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ തൊടുക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച സ്പീക്കർക്കെതിരെ നിയമസഭയിൽ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരികയും ചെയ്തിരുന്നു. എന്നാൽ സഭയിൽ വ്യക്തമായ ഭൂരിപക്ഷം ഭരണകക്ഷിക്കുള്ളതിനാൽ പ്രമേയം പാസാക്കാൻ പ്രതിപക്ഷത്തിനായിരുന്നില്ല. ഇപ്പോൾ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ നിർണായകമായ വെളിപ്പെടുത്തൽ നടത്തുകയാണ് സ്പീക്കർ.
സ്പീക്കർക്കെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്ന ദിവസം ശ്രീരാമകൃഷ്ണന് സിം കാർഡ് എടുത്ത് നൽകിയതിന് നാസർ എന്നയാളെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. സ്വപ്നയെ സ്പീക്കർ വിളിക്കാനുപയോഗിച്ച സിം ആണിതെന്നും, സ്വപ്ന കേസിൽപ്പെട്ടതോടെ സിം പ്രവർത്തന രഹിതമായെന്നും റിപ്പോർട്ടുകൾ ഉയർന്നിരുന്നു. ഈ വിവാദത്തിനും ചാനൽ അഭിമുഖത്തിൽ അദ്ദേഹം മറുപടി നൽകുന്നുണ്ട്. അത് രഹസ്യ സിമ്മല്ലെന്നും, പേർസണൽ ഫോണിലാണ് ഉപയോഗിക്കുന്നതെന്നും സ്പീക്കർ പറയുന്നു.
താൻ പാർട്ടി പ്രവർത്തകനോടാണ് സിം എടുത്ത് നൽകാൻ ആവശ്യപ്പെട്ടത്. ഒരു സഖാവിന്റെ ബന്ധുവിന്റെ ഐഡി പ്രൂഫ് നൽകിയാണ് സിം എടുത്തത്. പേഴ്സണലായ ഈ നമ്പരിൽ നിന്നും താൻ സ്വപ്നയെ വിളിച്ചിട്ടുണ്ടാവും എന്നും എന്നാൽ അവിഹിതമായ രീതിയിൽ അവർക്ക് എന്തെങ്കിലും ആനുകൂല്യം നൽകിയിട്ടില്ലെന്നും ശ്രീരാമകൃഷ്ണൻ പറയുന്നു. സ്വപ്നയുടെ കുടുംബത്തെയും തനിക്ക് അറിയാമായിരുന്നു. കോൺസുലേറ്റുമായി ബന്ധപ്പെട്ടുള്ള ആവശ്യങ്ങൾക്കായിട്ടാണ് സ്വപ്നയെ വിളിച്ചിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു.
ഫോൺ നമ്പരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കസ്റ്റംസ് ചോദ്യം ചെയ്യേണ്ട ആവശ്യം തന്നെ നിലനിൽക്കുന്നില്ലെന്നും, ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാൻ വിളിക്കാൻ കസ്റ്റംസിന് കഴിയുമോ എന്നും അദ്ദേഹം ചോദിക്കുന്നു. ഇനി ചോദ്യം ചെയ്യാൻ വിളിച്ചാൽ പ്രോട്ടോക്കോൾ പ്രകാരമുള്ള മറുപടി നൽകുമെന്നും ശ്രീരാമകൃഷ്ണൻ പറയുന്നു. തിരഞ്ഞെടുപ്പിൽ ഇക്കുറി മത്സരിക്കുന്നുണ്ടെങ്കിൽ അതു പൊന്നാനിയിൽ തന്നെ ആയിരിക്കണം എന്നാണ് ആഗ്രഹമെന്നും പാർട്ടിയാണു തീരുമാനിക്കേണ്ടതെന്നും ശ്രീരാമകൃഷ്ണൻ മനസ് തുറക്കുന്നു.