തിരുവനന്തപുരം: എൻ സി പി സംസ്ഥാന ഘടകത്തിൽ അനുനയനീക്കവുമായി കേന്ദ്ര നേതൃത്വം. പാലാ സീറ്റിന്റെ പേരിൽ പാർട്ടിയിലെ ഒരു വിഭാഗം ഇടതുമുന്നണി വിടാൻ ഒരുങ്ങുന്നതിനിടെയാണ് പ്രശ്നത്തിൽ കേന്ദ്ര നേതൃത്വം ഇടപെടുന്നത്. ഇതിന്റെ ഭാഗമായി എൻ സി പി സംസ്ഥാന അദ്ധ്യക്ഷൻ ടി പി പീതാംബരൻ , മാണി സി കാപ്പൻ, എ കെ ശശീന്ദ്രൻ എന്നീ നേതാക്കളെ കൂടിക്കാഴ്ചയ്ക്കായി ശരത് പവാർ ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഫെബ്രുവരി ഒന്നിന് നടക്കുന്ന കൂടിക്കാഴ്ചയിൽ പവാറിന് പുറമേ പ്രഫുൽ പട്ടേലും പങ്കെടുക്കും.
ഇന്നുരാവിലെ മാണി സി കാപ്പൻ ശരത് പവാറുമായി മുംബയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. പാലായിൽ ജോസ് കെ മാണി ഇടതുസ്ഥാനാർത്ഥിയാകുമെന്ന് ഏറക്കുറെ ഉറപ്പായ സാഹചര്യത്തിൽ ഇനിയും ഇടതുമുന്നണിയിൽ തുടരുന്നതിൽ അർത്ഥമില്ലെന്നതുൾപ്പടെയുളള കാര്യങ്ങൾ അദ്ദേഹം പവാറിനെ ധരിപ്പിച്ചു. മുന്നണി മാറ്റക്കാര്യത്തിൽ തീരുമാനം ഇനിയും വൈകരുതെന്നാവശ്യപ്പെട്ട് ടി പി പിതാംബരനും പവാറിന് കത്ത് എഴുതിയിരുന്നു.
പാലായിൽ നിന്ന് മാറേണ്ട ഒരുതരത്തിലുളള സാഹചര്യവും നിലവിലില്ല. പാർട്ടി ഇക്കാര്യത്തിൽ തീരുമാനം എടുക്കണം. ശരത് പവാറിനും ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നും അന്തിമ തീരുമാനം പവാറിന്റേതാണെന്നും കൂടിക്കാഴ്ചയ്ക്കുശേഷം മാണി സി കാപ്പൻ മാദ്ധ്യമപ്രർത്തകരോട് പറഞ്ഞു. നിലവിൽ ജയിച്ച ഒരു സീറ്റും വിട്ടു കൊടുക്കേണ്ടതില്ലെന്ന നിലപാടാണ് പവാറിനുളളതെന്നും കുട്ടനാട്ടിൽ തോമസ് ചാണ്ടിയുടെ സഹോദരൻ തന്നെ മത്സരിക്കുമെന്നും മാണി സി കാപ്പൻ അറിയിച്ചു.
എ കെ ശശീന്ദ്രൻ ഗ്രൂപ്പ് യോഗം വിളിച്ചതിനെതിരെ സംസ്ഥാന അദ്ധ്യക്ഷൻ പവാറിനോട് പരാതിപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ മാണി സി കാപ്പൻ ഭിന്നതയുള്ളതു കൊണ്ടാണ് ചർച്ചയ്ക്കായി നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ചതെന്നും പറഞ്ഞു.