തൊടുപുഴ: അജൈവ പാഴ് വസ്തുക്കൾ വാങ്ങിയ ഇനത്തിൽ 35 തദ്ദേശ സ്ഥാപനങ്ങളിലെ ഹരിത കർമ്മ സേനാംഗങ്ങൾക്ക് പൊതുമേഖലാ സ്ഥാപനമായ ക്ലീൻ കേരള കമ്പനി ഇന്ന് പണം നൽകും. ആകെ 21599 കിലോ വിലയുള്ള അജൈവ പാഴ് വസ്തുക്കളാണ് ക്ലീൻ കേരള കമ്പനി ഏറ്റെടുത്തത്. ഇതിനാകെ 180163 രൂപയാണ് ക്ലീൻ കേരള കമ്പനി സേനാംഗങ്ങൾക്ക് നൽകുന്നത്. ഹരിത സർട്ടിഫിക്കറ്റ് നൽകുന്ന ചടങ്ങിൽ ക്ലീൻ കേരള കമ്പനിയുടെ ചെക്ക് ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റുമാർ സേനാംഗങ്ങൾക്ക് കൈമാറും.
ജില്ലയിലെ ശുചിത്വ പദവി നേടിയ 32 തദ്ദേശ സ്ഥാപനങ്ങൾക്ക് പുറമേ കാമാക്ഷി, അറക്കുളം, വാഴത്തോപ്പ് പഞ്ചായത്തുകളിലെയും ഹരിതകർമ്മ സേനാംഗങ്ങൾക്കാണ് തുക ലഭിക്കുക. വീടുകളിൽ നിന്ന് സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ച കട്ടി കൂടിയ വിവിധയിനം പ്ലാസ്റ്റിക്കുകൾ, പ്ലാസ്റ്റിക്ക് കുപ്പികൾ തുടങ്ങിയ അജൈവ പാഴ്വസ്തുക്കളാണ് ക്ലീൻ കേരള കമ്പനിയ്ക്ക് നൽകിയത്. ഗ്രാമപ്പഞ്ചായത്ത് സംഭരണ കേന്ദ്രത്തിൽ സമാഹരിച്ച അജൈവ പാഴ് വസ്തുക്കളിൽ നിന്നും ദിവസങ്ങൾ നീണ്ട കഠിനാധ്വാനത്തിലൂടെയാണ് ഹരിതകർമ്മ സേനാംഗങ്ങൾ വില ലഭിക്കുന്നവ കണ്ടെത്തി തരംതിരിച്ച് ക്ലീൻ കേരള കമ്പനിയ്ക്ക് കൈമാറിയത്. നാമമാത്ര വേതനത്തിൽ ജോലി ചെയ്യുന്ന ഹരിതകർമ്മ സേനാംഗങ്ങളെ സഹായിക്കുന്നതിനാണ് ഹരിതകേരളത്തിന്റെ ഇടപെടലിൽ ക്ലീൻ കേരള കമ്പനി പാഴ് വസ്തുക്കൾ ഏറ്റെടുത്തത്.