ന്യൂഡൽഹി: രാജ്യത്തിന്റെ എഴുപത്തിരണ്ടാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായുളള വർണാഭമായ ആഘോഷങ്ങൾക്ക് ഡൽഹിയിൽ തുടക്കമായി.
രാഷ്ട്രപതി രാംനാഥ് കൊവിന്ദ് ദേശീയ പതാക ഉയർത്തി.പ്രധാനമന്ത്രി നരേന്ദ്രമോദി യുദ്ധസ്മാരകത്തിൽ ധീരസൈനികർക്ക് ആദരമർപ്പിച്ചു.തൊട്ടുപിന്നാലെ രാജ്പഥിൽ പരേഡ് ആരംഭിച്ചു.
മുഖ്യാതിഥിയില്ലാതെയാണ് ചടങ്ങുകൾ നടക്കുന്നത്. റിപ്പബ്ലിക് ദിന പരേഡിന്റെ ചരിത്രത്തിലാദ്യമായി ബംഗ്ലാദേശ് സേനയും പരേഡിന്റെ ഭാഗമായി.
ലെഫ്റ്റനന്റ് കേണൽ അബു മുഹമ്മദ് ഷഹനൂർ ഷവോണിന്റെ നേതൃത്വത്തിലുളള 122 അംഗസേനയാണ് പരേഡിൽ പങ്കെടുത്തത്. റാഫേൽ അടക്കമുളള യുദ്ധവിമാനങ്ങളും വിവിധ സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങളും പരേഡിന്റെ ഭാഗമാകുന്നുണ്ട്. ഇന്ത്യയുടെ സൈനിക ശേഷി വിളിച്ചോതുന്നതായിരുന്നു പരഡേിന്റെ ആദ്യഘട്ടം, കരസേനയുടെ പ്രധാന യുദ്ധ ടാങ്കർ ടി 90 ഭീഷ്മ, ബ്രഹ്മോസ് മിസൈൽ എന്നിവ പ്രദർശിപ്പിച്ചു.