കോഴിക്കോട്: തിരഞ്ഞെടുപ്പ് സമിതിയുടെ അദ്ധ്യക്ഷനായി ഉമ്മൻചാണ്ടിയെ നിയമിച്ച കോൺഗ്രസ് ഹൈക്കമാന്റ് തീരുമാനത്തോട് നന്ദി പറയേണ്ടി വരുമെന്ന് പരിഹാസവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഉമ്മൻചാണ്ടിയെയും പിണറായി വിജയനെയും ഒരുപോലെ തുറന്നുകാട്ടാനുളള വഴിയാണ് ഇതിലൂടെ ഒരുങ്ങിയിരിക്കുന്നത്. അഞ്ച് വർഷം മുൻപുളള കാര്യങ്ങളെ ഓർമ്മിപ്പിക്കാനുളള അവസരമാണ് ഉമ്മൻചാണ്ടിയെ മടക്കി കൊണ്ടുവന്നതിലൂടെ ഹൈക്കമാന്റ് ഉണ്ടാക്കിയതെന്നും കോഴിക്കോട്ടെ വാർത്താസമ്മേളനത്തിൽ കെ.സുരേന്ദ്രൻ പറഞ്ഞു.
അഞ്ച് വർഷം പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയെ കറിവേപ്പില പോലെ എടുത്ത് കളഞ്ഞിട്ടാണ് ഉമ്മൻചാണ്ടിയെ കൊണ്ടുവന്നത്. ഇത് ആരുപറഞ്ഞിട്ടാണ്? പാണക്കാട്ട് നിന്നുളള നിർദ്ദേശപ്രകാരമാണോയെന്നും സുരേന്ദ്രൻ ചോദിച്ചു.
കൊവിഡ് പടരുന്നതിന് കാരണം സംസ്ഥാനത്ത് ജനസാന്ദ്രത കൂടുതലാണെന്ന് പറഞ്ഞ ആരോഗ്യമന്ത്രിയുടെ വാദം വിവരക്കേടാണ്. കേരളത്തെക്കാൾ ജനസാന്ദ്രതയുളള മഹാനഗരങ്ങളിൽ കൊവിഡ് നിയന്ത്രണ വിധേയമായെന്നും ആരോഗ്യമന്ത്രി വിവരക്കേട് പറയുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
രാജ്യം കൊവിഡിനെ കീഴടക്കിയപ്പോൾ സംസ്ഥാനം കൊവിഡിന് കീഴടങ്ങിയെന്നും സുരേന്ദ്രൻ പരിഹസിച്ചു. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് പതിനഞ്ചിനോട് അടുക്കുമ്പോഴും നിയന്ത്രിക്കാനുളള നടപടി ആരോഗ്യവകുപ്പോ സംസ്ഥാന സർക്കാരോ എടുക്കുന്നില്ലെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ ഉറങ്ങുകയാണോയെന്നും സുരേന്ദ്രൻ പരിഹസിച്ചു.