ഗാസ: പുരുഷ രക്ഷിതാവിന്റെ അനുമതിയില്ലാതെ സ്ത്രീകൾ യാത്ര ചെയ്യാൻ പാടില്ലെന്ന് പാലസ്തീനിലെ ഗാസ കോടതി. ഹമാസ് അധികാരം പിടിച്ചെടുത്തതിനെ തുടർന്ന് ഇസ്രയേലും ഈജിപ്തും ഗാസ പ്രദേശത്തിനകത്തും പുറത്തും സഞ്ചരിക്കുന്നതിന് ധാരാളം വിലക്കുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ശരിയ ജുഡിഷ്യൽ കൗൺസിൽ ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് സ്ത്രീകൾക്കുള്ള യാത്രാ നിയന്ത്രണങ്ങളെ പറ്റി പറയുന്നത്.
അവിവാഹിതയായ സ്ത്രീയാണെങ്കിൽ അച്ഛനോ വീട്ടിലെ മുതിർന്ന പുരുഷനോ യാത്രാനുമതി നൽകണം. ഇത് കോടതിയിൽ രജിസ്റ്റർ ചെയ്യണം. യാത്ര ചെയ്യുമ്പോൾ പുരുഷൻ ഒപ്പമുണ്ടാകണമെന്ന് നിര്‍ബന്ധമില്ല. വിവാഹിതയായ സ്ത്രീയാണെങ്കിൽ ഭർത്താവിന്റെ അനുമതി വാങ്ങണം.
'മുതിർന്നവർക്ക് തുല്യാവകാശങ്ങൾ നൽകുന്ന പാലസ്തീൻ അടിസ്ഥാന നിയമത്തെ ഈ വിധി ലംഘിക്കുന്നുവെന്നും അധികൃതർ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ പിന്നോട്ട് പോകുന്നെന്നുമാണ് ഗാസയിലെ സ്ത്രീ വിമോചക പ്രവർത്തകയായ സൈനബ് അൽ ഹൊനൈമി ഈ വിധിയെക്കുറിച്ച് പറയുന്നത്.