തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകനെയും പൊലീസ് ഉദ്യോഗസ്ഥനെയും കൊലപ്പെടുത്തിയ കേസിൽ പരോളിലിറങ്ങി മുങ്ങിയ ജീവപര്യന്തം തടവുകാരനെ കഞ്ചാവുമായി പൊലീസ് പിടികൂടി. വലിയതുറ സെറീന മൻസിലിൽ ഹാഷിമിനെയാണ് (46) ഡിസ്ട്രിക്ട് ആന്റി നർകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് (ഡാൻസാഫ്) ടീമിന്റെ സഹായത്തോടെ തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
1996ൽ ഓവർബ്രിഡ്ജിൽ വച്ച് ഇയാൾ ഉൾപ്പെട്ട സംഘം നടത്തിയ കവർച്ചാശ്രമത്തിനിടെ മാദ്ധ്യമ പ്രവർത്തകനായ ബിനുലാലും പൊലീസ് ഫ്ളൈയിംഗ് സ്ക്വാഡിലെ വിജയനും കൊല്ലപ്പെട്ടിരുന്നു. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിൽനിന്ന് കഴിഞ്ഞ ആഗസ്റ്റിലാണ് ഇയാൾ ഒരുമാസത്തെ പരോളിലിറങ്ങിയത്. ജയിലിൽ തിരിച്ചെത്താത്ത ഹാഷിം നഗരത്തിൽ കഞ്ചാവ് വില്പന നടത്തുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് പിടികൂടാൻ ഡാൻസാഫ് ടീമിനെ നിയോഗിക്കുകയായിരുന്നു.
നർക്കോട്ടിക് സെൽ അസി. കമ്മിഷണർ പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ ഡാൻസാഫ് ടീം നടത്തിയ അന്വേഷണത്തിലാണ് വലിയശാല മൈലാടിക്കടവ് പാലത്തിനു സമീപത്ത് കഞ്ചാവ് വില്പനയ്ക്കായി എത്തിയ പ്രതിയെ പിടികൂടിയത്. കഞ്ചാവ് പൊതികളും പിടിച്ചെടുത്തു. തമ്പാനൂർ എസ്.എച്ച്.ഒ മുഹമ്മദ് ഷാഫി, എസ്.ഐ വിമൽ രംഗനാഥ്, ഡാൻസാഫ് ടീം എസ്.ഐ ഗോപകുമാർ, എസ്.സി.പി.ഒമാരായ സജികുമാർ,വിനോദ്, അരുൺ, രഞ്ജിത്, ഷിബു, നാജി ബഷീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വിവരം വിയ്യൂർ ജയിൽ അധികൃതർക്ക് കൈമാറിയിട്ടുണ്ട്.