Kerala Kaumudi Online
Monday, 27 May 2019 5.27 PM IST

അഡാർ ലവ് അല്ല, ഇതൊരു 'ഒമർ ലവ്"

oru-adarlove

പ്രിയ വാര്യരുടെ പുരികക്കൊടിക്കു മുകളിൽ ഊയലാടിത്തുടങ്ങിയ അഡാർ ലവ് ഒടുവിൽ ഇതൾ വിരിഞ്ഞു. ഒരു അഡാർ ലവ് എന്ന പേരിനൊപ്പം നൽകിയ 'എൻ ഒമർ ലവ്" എന്ന വാചകം അന്വർത്ഥമാക്കുന്നുണ്ട് ഈ ടിപ്പിക്കൽ ഒമർ ലുലു ചിത്രം. കേട്ടു പഴകിയൊരു പ്രണയ കഥ പുതിയ കാലത്തിനൊപ്പം കുറച്ചധികം ഫ്രീക്കായി അവതരിപ്പിക്കാനുള്ള ശ്രമം, അഡാർ ആയിരുന്നെങ്കിലും ഫലം അത്ര അഡാറല്ല. എന്നാൽ പ്രിയ പ്രകാശ് വാര്യർക്കായി കാത്തിരുന്ന പ്രേക്ഷകർക്ക് റോഷൻ അബ്ദുൾ റൗഫിനെയും നൂറിൻ ഷെരീഫിനെയും കണ്ട് കൈയടിക്കാം.

oru-adarlove

ഇതൊരു ഒമർ ലവ്

ഒരു ഹയർ സെക്കന്ററി പ്രണയകാവ്യമാണ് അഡാർ ലവ് പറയാനൊരുങ്ങുന്നത്. ഡോൺ ബോസ്കോ സ്കൂളിലെ പ്ലസ് വണ്ണിലേക്കെത്തുന്ന ഒരു കൂട്ടം വിദ്യാർത്ഥികൾ തമ്മിലുണ്ടാകുന്ന സൗഹൃദവും പ്രണയവും തമാശകളും പതിവ് ഒമർ ലുലു നുറുങ്ങുകളും സമം ചേരുന്നതാണ് അഡാർ ലവ്. ഒന്നാം വർഷ സയൻസ് വിദ്യാർത്ഥികളാണ് പ്രിയ വാര്യർ, റോഷൻ, ഗാഥ (നൂറിൻ ഷെരീഫ്), പവനൻ, അരുൺ തുടങ്ങിയവർ. മാണിക്യ മലരായ പൂവിയെന്ന ഗാനത്തിലൂടെ പുരികക്കൊടികൾ കൊണ്ട് കഥ പറഞ്ഞ് പ്രിയയും റോഷനും പ്രണയത്തിലാകുന്നു, സുഹൃത്തുക്കൾ ഈ പ്രണയത്തിന് കുടപിടിക്കുന്നു. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കിടയിലേക്ക് കടന്നു വരുന്ന ചില പ്രശ്നങ്ങളിലൂടെ പ്രിയ- റോഷൻ പ്രണയത്തിന് ചെറിയ ചാഞ്ചാട്ടം സംഭവിക്കുന്നു. വളരെ സ്വാഭാവികമെന്നോണം ഇവർക്കിടയിലേക്ക് മറ്റൊരാൾ കടന്നുവരുന്നതും ഒടുക്കം സ്കൂൾ ടൂറിനും വാർഷികാഘോഷങ്ങൾക്കുമെല്ലാം ഒടുവിൽ ദുരന്തപര്യവസായിയാകുന്നുണ്ട് അഡാർ ലവ്. അഡാർ എന്നൊന്നും പറയാനില്ലെങ്കിലും ഒമർ ലുലുവിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന ഒരു ലവ് കണ്ട് മടങ്ങാമെന്നുറപ്പാണ്.

adar-love

കോളേജ് തോൽക്കുന്ന സ്കൂൾ

കഥയിൽ ചോദ്യമില്ലെങ്കിൽ കൂടി കേരളത്തിന്റെ നിലവിലെ സ്കൂൾ സാഹചര്യങ്ങളുമായി യാതൊരു പൊരുത്തവും ഈ സ്കൂളിനില്ല. കോളേജുകളേക്കാൾ കൂടുതൽ സ്വാതന്ത്ര്യവും മണ്ട ശിരോമണികളായ അദ്ധ്യാപകരും എല്ലാം കൂടെ ചേരുന്നൊരു മേളമാണ് ഒമർ ലുലുവിന്റെ സ്കൂളിന്. മിക്ക സമയവും വിദ്യാർത്ഥികൾ പുറത്താണ്. സദാ അവർ ചിന്തിക്കുന്നത് പ്രണയത്തെ കുറിച്ചുമാത്രം. പാഠപുസ്തകങ്ങളോ പഠനഭാരമോ ഇല്ലാതെ ഇവരെ പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും നിസീമമായ ആകാശത്തേക്ക് പറത്തി വിടാനാണ് ഒമർ ലുലു ശ്രമിക്കുന്നത്. പാട്ടും മേളവും നിറങ്ങളും സംവിധായകന് വിയോജിപ്പുള്ളവർക്കുള്ള ട്രോളും ഒക്കെയായി ഒരു ഒമർ ലുലു ഓളം സമ്മാനിക്കാൻ ചിത്രത്തിന് കഴിയുന്നുണ്ട്.

adarlove

പ്രിയ വാര്യരല്ല, ഇനി റോഷൻ റൗഫ്

ചിത്രം പുറത്തിറങ്ങുന്നതിനും എത്രയോ മുമ്പ് പ്രേക്ഷകർക്ക് സുപരിചിതയായ പ്രിയ വാര്യർക്കായുള്ള കാത്തിരിപ്പിൽ വല്യ കാര്യമില്ലെങ്കിലും റോഷനായി സ്ക്രീനിലെത്തുന്ന റോഷൻ അബ്ദുൾ റൗഫ് സാമാന്യം നല്ല പെർഫോമൻസ് കാഴ്ചവച്ചു. നൂറിൻ ഷെരീഫും മികച്ചു നിന്നു. കണ്ടുമടുത്ത പുരികക്കൊടി സീനുകളും 'കിസ് ഷൂട്ടിംഗു"മെല്ലാം കൈയടിക്കു മേലെ തിയേറ്ററിൽ ചിരി പടർത്തി.

പാക്കപ് പീസ്: ഇതൊരു ഒമർ ലുലു ചിത്രം മാത്രം

റേറ്റിംഗ്: 2 /5

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MOVIE REVIEW, ORU ADAR LOVE, PRIYA VARRIER /
KERALA KAUMUDI EPAPER
TRENDING IN VIDEOS
VIDEOS
PHOTO GALLERY