ചിലിയുടെ ചരിത്രം മറക്കാനുള്ളതല്ല. ഒരു ജനതയുടെ ധീരോദാത്തമായ പോരാട്ടചരിത്രം അതിന്റെ ഭാഗമാണ്. അതിന്റെ വിജയം ചൂഷണരഹിതവും സ്വയം പര്യാപ്തവുമായ പുതിയൊരു സാമൂഹ്യക്രമം കെട്ടിപ്പടുക്കുന്നതിന്റെ പ്രതിജ്ഞാബദ്ധമായിരുന്നു. അതിന്റെ നേതൃത്വം സോഷ്യലിസ്റ്റ് - കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ കരങ്ങളിൽ നിക്ഷിപ്തമായത് സ്വാഭാവികം. പോപ്പുലർ ഫ്രണ്ട് എന്ന രാഷ്ട്രീയ മുന്നണിയിൽ വേറെയും ഘടകകക്ഷികൾ ഉണ്ടായിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ നേതാവ് സാൽവദോർ അലൻഡെ ചിലിയുടെ പ്രസിഡന്റായി അധികാരമേൽക്കുന്ന മുഹൂർത്തം ഒരേ സമയം ചിലിയുടെയും ലോകവിപ്ലവപ്രസ്ഥാനങ്ങളുടെയും അഭിമാനമായി ജ്വലിച്ചുനിൽക്കും.
എഴുത്തുകാരനും കമ്മ്യൂണിസ്റ്റ് നേതാവുമായ സി.ദിവാകരൻ ആ അഭിമാനസന്ദർഭത്തെ കേന്ദ്രബിന്ദുവായി പ്രതിഷ്ഠിച്ചുകൊണ്ട് ചിലിയൻ ജനതയുടെ അതിനുമുമ്പുള്ള പോരാട്ടചരിത്രവും അതിനുശേഷമുള്ള വിപ്ലവകരങ്ങളായ ഭരണപരിഷ്കാരങ്ങളും അതിൽ അസഹിഷ്ണുതപൂണ്ട അമേരിക്കൻ സാമ്രാജ്യത്വം നടത്തിയ അട്ടിമറിയും വിവരിക്കുന്നു. 'ചിലിയെന്ന പോരാട്ട ഭൂമി" എന്ന ഗ്രന്ഥനാമത്തിന്റെ അന്വർത്ഥത ഗ്രന്ഥത്തിലൂടെ കടന്നുപോകുമ്പോൾ വ്യക്തമാകുന്നതാണ്.
ലോകത്തെവിടെയായാലും സോഷ്യലിസ്റ്റ് സ്വഭാവമുള്ള ഭരണകൂടങ്ങൾ ഉയർന്നുവരുന്നത് അമേരിക്കൻ സാമ്രാജ്യത്തിനും ഇതരമുതലാളിത്ത ശക്തികൾക്കും ഹിതകരമായ കാര്യമല്ല. ജനാധിപത്യഭരണകൂടങ്ങളുടെ ജനക്ഷേമകരമായ നടപടികളെ അത് ഇഷ്ടപ്പെടുന്നില്ല. സ്വാഭിപ്രായ ധീരതയുള്ള ഭരണകൂടം തങ്ങൾ തുടർന്നു പോരുന്ന ചൂഷണങ്ങളെ ചോദ്യം ചെയ്യുന്ന ഒരുനാൾ ഉണ്ടാവുമെന്ന് അവർ കണക്ക് കൂട്ടുന്നു. ആത്യന്തികമായി അതിനെ അട്ടിമറിക്കുകയും പകരം അധികാരസ്ഥാനങ്ങളിൽ ആജ്ഞാനുവർത്തികളെ അവരോധിക്കുകയും ചെയ്യുക എന്നത് സാമ്രാജ്യത്വചേരി അനുവർത്തിച്ചു വരുന്ന നയമാണ്. ആ നയത്തിന്റെ ഇരയായിരുന്നു ചിലിയിൽ സാൽവദോർ അലൻഡേ നേതൃത്വം നൽകിയ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള മുന്നണി ഗവൺമെന്റ്.
അവസാനഭാഗമായ ചിത്രങ്ങൾ ഉൾപ്പെടെ ആകെ അഞ്ചുഭാഗങ്ങളായി ഈ ചരിത്രപുസ്തകം സംവിധാനം ചെയ്തിരിക്കുന്നു. വിഷയത്തിന്റെ കാതൽ ഗ്രന്ഥനാമത്തിൽ തന്നെയുള്ള രണ്ടാം ഭാഗമാണ്. അലൻഡേ 1970 നവംബർ മൂന്നിനാണ് ചിലിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. അതിനുമുമ്പ് നാല് പതിറ്റാണ്ടുകാലത്തെ സഫലവും സമാദരണീയമവുമായ പൊതുജീവിതം അലൻഡേയ്ക്ക് ഉണ്ടായിരുന്നു. 1938 ൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന അലൻഡേ ഭക്ഷണം, ഭവനം, തൊഴിൽ എന്നൊരു മുദ്രാവാക്യം മുന്നോട്ട് വച്ചു. അതിനു വേണ്ടത്ര ജനസമ്മതി ഉണ്ടായി. ആരോഗ്യ - വിദ്യാഭ്യാസ മന്ത്രിയായപ്പോൾ അലൻഡെ പുരോഗമന സ്വഭാവമുള്ള പല പരിഷ്കാരങ്ങളും നടപ്പിലാക്കി. തൊഴിലാളികളുടെ അവകാശം സംരക്ഷിച്ചു. വിധവകൾക്ക് പെൻഷൻ, സ്കൂൾ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം, സ്ത്രീകൾക്ക് പ്രസവാനുകൂല്യം തുടങ്ങിയവ ജനപിന്തുണ നേടി. അതേ സമയം അവ വലതുപക്ഷശക്തികളെ പ്രകോപിതരാക്കുകയാണുണ്ടായത്. ഒരേ സമയം വിജ്ഞാനപ്രദവും രസനീയവും എന്നുകൂടി ഈ കൃതിയെ വിശേഷിപ്പിക്കാം.
പ്രസാധകർ: പ്രഭാത് ബുക്ക് ഹൗസ്
വില ₹ 100