തിരുവനന്തപുരം: യുവാക്കളെ ചൂതാട്ട ലഹരിക്കടിമയാക്കി കടക്കെണയിൽപ്പെടുത്തി ജീവിതം തകർക്കുന്ന ഓൺലൈൻ റമ്മി കളി സംസ്ഥാനത്തിനി നിയമ വിരുദ്ധം. കേരള ഗെയിമിംഗ് ആക്ട് നിയമം ഭേദഗതി ചെയ്ത് സർക്കാർ വിജ്ഞാപനമിറക്കി.
ഓൺലൈൻ റമ്മി തടയാൻ നിയമം വേണമെന്ന പൊതുതാത്പര്യ ഹർജിയിൽ, രണ്ടാഴ്ചയ്ക്കകം വിജ്ഞാപനം ഇറക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തൃശൂർ സ്വദേശി പോളി വടക്കനാണ് ഹർജിക്കാരൻ.
ലോക്ക്ഡൗണിൽ വീട്ടിൽ അടച്ചിരുന്നവർക്ക് പണം കൊയ്യാമെന്ന ഓഫറുമായി ഓൺലൈൻ റമ്മി സജീവമായതോടെ പലരും ഈയാമ്പാറ്റകളെപ്പോലെ ചെന്നുവീണു. ചെറിയ തുക സമ്മാനം നൽകി കളിയിലേക്ക് ആകർഷിച്ചായിരുന്നു തുടക്കം. കളിയിൽ ആകൃഷ്ടരായി കൂടുതൽ പണമിറക്കും. കളിക്കിടെ ചെറിയ തുക നൽകി റമ്മി കമ്പനികൾ സഹായിക്കും. ഒടുവിൽ കൈയിലുള്ളതെല്ലാം അടിച്ചെടുക്കും.
ഓൺലൈൻ റമ്മി വലയിൽ വീണ് കടം കയറി കാട്ടാക്കട കുറ്റിച്ചലിൽ ദിവസങ്ങൾക്ക് മുമ്പാണ് യുവാവ് ജീവനൊടുക്കിയത്. പണം നഷ്ടപ്പെട്ട കോഴിക്കോട്ടെ ഒരു യുവാവ് അഭയം തേടിയത് മയക്ക് മരുന്നിൽ. കളിച്ച് കൈയിലെ പണം തീർന്നപ്പോഴാണ് ബിജുലാൽ എന്ന മുൻ ജീവനക്കാരൻ വഞ്ചിയൂർ ട്രഷറിയിൽ നിന്ന് കോടികൾ തട്ടിയത്.
നിരോധിച്ചത് പുതിയ വേഷത്തിൽ
50 രൂപ മുതൽ ലക്ഷങ്ങൾ വരെയാണ് റമ്മിയിലൂടെ ഒഴുകിപ്പോയത്. നേരത്തെ ഹൈക്കോടതി നിരോധിച്ചെങ്കിലും കളിയിൽ മാറ്റമുണ്ടാക്കിയ റമ്മി കമ്പനികൾ സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധി നേടി. അസാം, സിക്കിം, ഒഡിഷ, നാഗാലാൻഡ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ നിയമദേഭഗതിയിലൂടെ ഓൺലൈൻ റമ്മി നിരോധിച്ചിട്ടുണ്ട്. റമ്മി കൾച്ചർ, റമ്മി സർക്കിൾ, ജംഗിൾ റമ്മി, റമ്മി ഗുരു, എയ്സ് റമ്മി, റമ്മി പാഷൻ, സിൽക്ക് റമ്മി തുടങ്ങിയ പേരുകളിലാണ് ചീട്ട് കളി.
കളിയിലെ ചതിക്കുഴി
4 കോടിയിലധികം കളിക്കാർ
24 മണിക്കൂറും കളിക്കാം
സഹായത്തിന് കസ്റ്റമർ കെയർ
നേടുന്ന പണം ബാങ്ക് അക്കൗണ്ടിലെത്തും
തോറ്റാൽ മറ്റ് അക്കൗണ്ടുകളിലേക്ക് പാേകും
പൊലീസിന് കേസെടുക്കാം
1960ലെ കേരള ഗെയിമിംഗ് ആക്ട് സെക്ഷൻ 14 എ പ്രകാരമുള്ള അധികാരമാണ് സർക്കാർ ഉപയോഗിച്ചത്. ഇതോടെ ഓൺലൈൻ റമ്മി ആപ്പുകൾക്കെതിരെ പരാതി ലഭിച്ചാൽ പൊലീസിന് നിയമനടപടി സ്വീകരിക്കാനാകും. കേരളത്തിൽ നിന്നുള്ളവർ രജിസ്റ്റർ ചെയ്യുമ്പോൾ കമ്പനികൾക്ക് ഇനി അനുമതി നിഷേധിക്കേണ്ടിവരുമെന്ന് സൈബർ വിദഗ്ദ്ധർ പറയുന്നു. ഗെയിമിംഗ് കമ്പനികളുടെ സെർവർ ഇന്ത്യയിലല്ലാത്തതിനാൽ നിയമനടപടികൾക്കു പരിമിതിയുണ്ട്.
ഇത് ഓൺലൈൻ കളിയുടെ കാലമാണ്. അതിൽ മാേശമായവയെ തടയാൻ ഇത്തരം നിയമത്തിലൂടെയേ സാധിക്കൂ.
- ശശി. പി.എം,സി.ഇ.ഒ ടെക്നോപാർക്ക്