ജയ്പൂർ : വീടിന്റെ അടിത്തറയിൽ കുഴിച്ചിട്ട പെട്ടിയിൽ സൂക്ഷിച്ചിരുന്ന വൻ വെള്ളി ശേഖരം കടത്താൻ മോഷ്ടാക്കൾ നടപ്പാക്കിയത് വ്യത്യസ്ത പദ്ധതി. . 20 അടി നീളവും 15 അടി താഴ്ചയുമുള്ള തുരങ്കം കുഴിച്ചാണ് മോഷണം നടത്തിയിരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. ഹെയർ ട്രാൻസ്പ്ലാന്റ് ക്ലിനിക് നടത്തുന്ന ഡോക്ടർ സുനിത് സോനിയുടെ ജയ്പൂരിലെ വസതിയിലാണ് മോഷണം നടന്നത്. എന്നാൽ മോഷണം പോയ വെള്ളിയുടെ കൃത്യമായ അളവ് വെളിപ്പെടുത്തിയിട്ടില്ല.
ഡോക്ടറുടെ വീടിന് തൊട്ടുപിന്നിൽ 87 ലക്ഷം രൂപയ്ക്ക് വീട് വാങ്ങിയാണ് മോഷണത്തിനുള്ള പദ്ധതി ഒരുക്കിയത്. തുരങ്കം കുഴിക്കുന്നത് കാണാതിരിക്കാൻ താത്കാലിക ഷെഡ്ഡും പണിതു. ഇവിടെ നിന്ന് തുരങ്കം കുഴിച്ച് പെട്ടി കുഴിച്ചിട്ട സ്ഥലത്ത് എത്തി. പെട്ടി തകർത്താണ് വെള്ളി കൈക്കലാക്കിയത്. ബേസ്മെന്റിന്റെ തറനിരപ്പിൽ പ്രശ്നം കണ്ടതിനെത്തുടർന്നാണ് മോഷണ വിവരം പുറത്തറിഞ്ഞത്. വെള്ളി കുഴിച്ചിട്ടിരിക്കുന്നതിനെക്കുറിച്ച് അറിയുന്ന ഡോക്ടറുടെ സുഹൃത്തിനെയാണ് പൊലീസ് ചോദ്യം ചെയ്യുകയാണ്.
മൂന്ന് വലിയ പെട്ടികളാണ് ബേസ്മെന്റിൽ കുഴിച്ചിട്ടിരുന്നത്. ഒരു പെട്ടിയിൽ നിന്ന് വെള്ളി മോഷ്ടിച്ചതായും ബാക്കിയുള്ളവ കാലിയാണെന്നുമാണ് സോണി പൊലീസിനോട് പറഞ്ഞത്. എന്തുകൊണ്ടാണ് ശൂന്യമായ പെട്ടികൾ അവിടെ മറച്ചുവെച്ചതെന്ന് ഇയാൾ വെളിപ്പെടുത്തിയില്ല.