ന്യൂയോർക്ക്: ചലച്ചിത്ര -ടെലിവിഷൻ രംഗത്തെ മികച്ച നേട്ടങ്ങൾക്കുള്ള 78ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി ജോഷ് ഒ കോണറേയും മികച്ച നടിയായി എമ്മ കോറിനെയും തിരഞ്ഞെടുത്തു. മികച്ച നാടക നടനായി തിരഞ്ഞെടുത്ത ചാഡ്വിക്ക് ബോസ്മാന് മരണാനന്തര അവാർഡും നേടി. കഴിഞ്ഞ വർഷം കാൻസർ ബാധിച്ചാണ് ചാഡ്വിക് മരിച്ചത്.. ബ്രിട്ടീഷ് രാജ്ഞിയുടെ കുടുംബവും ജീവിതവും പ്രമേയമാക്കിയുള്ള ടെലിവിഷൻ പരമ്പരയായ ദി ക്രൗൺ മൂന്ന് പുരസ്കാരങ്ങൾ നേടി.
വിദേശ സിനിമ വിഭാഗത്തിൽ മിന്നാരിയാണ് ഒന്നാമതെത്തിയത്. കോമഡി, മ്യൂസിക്കൽ വിഭാഗത്തിൽ മികച്ച നടിയായി റോസമണ്ട് പൈക് തിരഞ്ഞെടുക്കപ്പെട്ടു. ഷിറ്റ്സ് ക്രീക്കാണ് മികച്ച കോമഡി പരിപാടി. അമേരിക്ക പശ്ചാത്തലമായ സിനിമ മിനാരി വിദേശ ഭാഷയിൽ ചിത്രീകരിച്ചതിനാലാണ് പ്രധാന മത്സര ഇനമായി എത്താതിരുന്നത്. എന്നാൽ, അടുത്ത ഓസ്കറിൽ വരെ വലിയ ഓളം സൃഷ്ടിക്കാനാവുന്ന സിനിമയായിട്ടും ഭാഷയുടെ പേരിൽ മാത്രം വിദേശഭാഷ ഇനത്തിൽ മത്സരിക്കേണ്ടിവന്നതിനെതിരേ രൂക്ഷ വിമർശനമുയർന്നിട്ടുണ്ട്.
ഗോൾഡൻ ഗ്ലോബ് വിജയികളുടെ പട്ടികയിൽ ഒന്നാമതെത്തിയത് ദി ക്രൗൺ ആണ്.
ഫെബ്രുവരി 3നാണ് ഗോൾഡൻ ഗ്ലോബൽ പുരസ്കാരത്തിനുള്ള നാമനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചത്. സിനിമ വിഭാഗത്തിൽ യഥാക്രമം 6,5 നാമനിർദ്ദേശങ്ങളുമായി മാങ്കും ദി ട്രയൽ ഒഫ് ദി ചിക്കാഗോ 7ഉം മുന്നിലെത്തി.
ഗോൾഡൻ ഗ്ലോബ് പുരസ്കാരം
ചലച്ചിത്ര- ടെലിവിഷൻ രംഗത്തെ മികച്ച നേട്ടങ്ങൾക്ക് ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷൻ നൽകുന്ന പുരസ്കാരമാണ് ഗോൾഡൻ ഗ്ലോബ് അവാർഡ്. ആദ്യത്തെ പുരസ്കാര ദാന ചടങ്ങ് നടന്നത്1944ൽ ലോസ് എഞ്ചൽസിലെ ട്വിന്റിയത്ത് സെഞ്ച്വറി ഫോക്സ് സ്റ്റ്യുഡിയോയിൽ വെച്ച് നടന്നു. അമേരിക്കൻ ഐക്യനാടുകൾക്ക് പുറത്തുള്ള വാർത്താമാദ്ധ്യമവുമായി ബന്ധമുള്ള ഏകദേശം 90 അന്തർദേശീയ മാദ്ധ്യമപ്രവർത്തകരുടെ വോട്ടുകളെ അടിസ്ഥാനമാക്കി എല്ലാ വർഷവും ജനുവരിയിലാണ് ഗോൾഡൻ ഗ്ലോബ് പുരസ്കാരം നൽകുന്നത്.. എന്നാൽ ഇക്കൊല്ലം കൊവിഡ് മഹാമാരിയെത്തുടർന്ന് രണ്ട് മാസം താമസിച്ചാണ് അവാർഡ് പ്രഖ്യാപിച്ചത്..
ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളും ജേതാക്കളും
മികച്ച സിനിമ- നാടകം: നോമാഡ് ലാൻഡ്
മികച്ച സിനിമ (മ്യൂസിക്കൽ/കോമഡി) : ബോറാത്ത് സബ്സിക്വന്റ്മൂവി ഫിലിം
മികച്ച സംവിധായകൻ: ക്ലോ ഷാവോ
മികച്ച നടി- നാടകം: ആൻഡ്രാ ഡേ
മികച്ച നടൻ- നാടകം: ചാഡ്വിക് ബോസ്മാൻ
മികച്ച നടി- മ്യൂസിക്കൽ, കോമഡി: റോസമണ്ട് പൈക്ക്
മികച്ച നടൻ-മ്യൂസിക്കൽ, കോമഡി: സച്ച ബാരൻ കോഹൻ
മികച്ച സഹനടി:ജോഡി ഫോസ്റ്റർ
മികച്ച സഹനടൻ:ഡാനിയേൽ കലൂയ
മികച്ച തിരക്കഥ: ആരോൺ സോർക്കിൻ
വിദേശ ഭാഷാ സിനിമ: മിനാരി
ആനിമേറ്റഡ് ഫീച്ചർ: സോൾ
ടെലിവിഷൻ വിഭാഗത്തിൽ
മികച്ച ടി..വി സീരിയൽ- നാടകം: ദി ക്രൗൺ
മികച്ച ടി..വി സീരിയൽ- (മ്യൂസിക്കൽ, കോമഡി): ഷിറ്റ്സ് ക്രീക്ക്
മികച്ച നടി - നാടകം: എമ്മ കോറിൻ
മികച്ച നടൻ -നാടകം: ജോഷ് ഓക്കോർണർ
മികച്ച നടി- മ്യൂസിക്കൽ, കോമഡി: കാതറിൻ ഒ ഹാര
മികച്ച നടൻ- മ്യൂസിക്കൽ, കോമഡി: ജേസൻ സുഡേക്കിസ്
മികച്ച സഹനടൻ: ജോൺ ബോയേഗ
മികച്ച സഹനടി: ഗില്ലിയൻ ആൻഡേഴ്സൺ