കൊച്ചി: പ്രകൃതിഭംഗിക്കും ആപ്പിളുകൾക്കും കരകൗശലവസ്തുക്കൾക്കും പ്രശസ്തമായ കാശ്മീരിൽ നിന്ന് ഇനി അസുലഭമത്സ്യവും മലയാളികളുടെ തീൻമേശയിലെത്തും. ഹിമാലയൻ റെയിൻബോ ട്രൗട്ട് എന്ന കാശ്മീർ മത്സ്യം. ഹിമവാന്റെ താഴ്വരയിൽ കൃഷി ചെയ്യുന്ന വിശിഷ്ടമായ ഈ മത്സ്യം ഇനി ഓൺലൈൻ മാർക്കറ്റിംഗ് വഴിയാണ് കേരളത്തിലെ വീടുകളിൽ എത്തുക. അതീവരുചികരമായ ട്രൗട്ട് അറ്റ്ലാന്റിക് സാൽമോൺ ഇനത്തിൽ പെട്ടതാണ്.
കർഷകർക്ക് കൈത്താങ്ങായി
വ്യവസായസംരംഭകത്വവും നേതൃത്വവും എന്ന ഒരു വർഷ കോഴ്സിലെ പഠനത്തിനിടയിലാണ് ലഡാക്ക് യൂണിവേഴ്സിറ്റി വിദ്യാർത്ഥികളായ കാർഗിൽ സ്വദേശി സയിദ് ഫാരിസ്, ലഡാക്കുകാരൻ റിഫാത്ത് അമീൻ, ബംഗളൂരു സ്വദേശി സൗരവ് പി. സതീഷ് എന്നിവർ മത്സ്യമേഖലയിലേയ്ക്ക് എത്തുന്നത്. ട്രൗട്ട് മത്സ്യം വിറ്റഴിക്കുന്നതിന് കർഷകർ നേരിടുന്ന പ്രയാസങ്ങൾ വിദ്യാർത്ഥികളുടെ ശ്രദ്ധയിൽപ്പെട്ടു. അവർ ശ്രീനഗറിലെ മത്സ്യഫാമുകൾ സന്ദർശിച്ചു. കൃഷിരീതികൾ മനസിലാക്കി. കർഷകരെ സഹായിക്കുകയെന്ന ലക്ഷ്യവുമായി മത്സ്യവിപണനത്തെയും പായ്ക്കിംഗിനെയും കുറിച്ച് കൂടുതൽ പഠിക്കാൻ കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്നോളജി (സിഫ്റ്റ് ) യിൽ ഒരു മാസത്തെ കോഴ്സിന് ചേർന്നു. സിഫ്റ്റ് അധികൃതരുടെ സഹായത്തോടെ ഓൺലൈൻ മത്സ്യ,മാംസരംഗത്തെ പ്രമുഖരായ ഫ്രഷ് ടു ഹോമുമായി ബിസിനസ് പങ്കാളിത്തം ഉറപ്പിച്ച് സംതൃപ്തിയോടെ 24 കാരായ മൂവരും കഴിഞ്ഞ ആഴ്ച സ്വദേശത്തേക്ക് മടങ്ങി.
ട്രയൽ റൺ ഈ ആഴ്ച
കർഷകരിൽ നിന്ന് മത്സ്യം ഞങ്ങൾ നേരിട്ടെടുക്കും. എയർ കാർഗോ വഴിയാണ് നെടുമ്പാശേരിയിലെത്തിക്കുന്നത്. 25 കിലോ മത്സ്യം ആദ്യം അയയ്ക്കും. ഞങ്ങളുടെ കൈവശമുണ്ടായിരുന്ന സമ്പാദ്യം കൊണ്ടാണ് ബിസിനസിലേക്ക് ഇറങ്ങുന്നത്. വിജയിച്ചാൽ ബാങ്ക് വായ്പ നേടി വിപുലീകരിക്കും.
സൗരവ്.പി.സതീഷ്
വിപണി വിപുലീകരിക്കും
കാശ്മീരികൾക്ക് മാത്രം പരിചിതമായ ട്രൗട്ട് മത്സ്യത്തെ ആഗോള വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം. യുവസംരംഭകരുമായി ധാരണയിലെത്തി . പ്രതിവർഷം 600 ടൺ ട്രൗട്ട് മത്സ്യം ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും കാശ്മീരിന് പുറത്തേയ്ക്ക് ഇതേവരെ വില്പന നടത്തിയിട്ടില്ല. ഇന്ത്യയിലും ദുബായിലും മത്സ്യം എത്തിക്കാനാണ് ശ്രമം. ഈയാഴ്ച ട്രയൽ റൺ തുടങ്ങും.
മാത്യു കരോണ്ടുകടവിൽ
സി.ഇ.ഒ
ഫ്രഷ് ടു ഹോം